ADVERTISEMENT

ആലപ്പുഴ∙ കേരളത്തിന്റെ ദേശീയ സൈക്കിൾ പോളോ താരം നിദ ഫാത്തിമ (10) നാഗ്പൂരിൽ മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ്. നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് നാഗ്പൂരിലെത്തിയത്. ഇന്നലെ രാത്രി ഛർദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെയായിരുന്നു മരണം. കേരള സൈക്കിൾ പോളോ അസോസിയേഷൻ അണ്ടർ–14 താരമാണ്. സൈക്കിൾ പോളോ മത്സരങ്ങൾ ഇന്നാണ് ആരംഭിക്കേണ്ടിയിരുന്നത്. അതിനിടെയാണ് ഫാത്തിമയുടെ വിയോഗം.

നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് രണ്ടു അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു ഫാത്തിമ. ഇന്നലെ രാത്രി മുതൽ തുടർച്ചയായി ഫാത്തിമ ഛർദ്ദിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ ഇൻജക്‌ഷൻ നൽകാൻ നോക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് വിവരം. മൃതദേഹം നാഗ്പൂരിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഫാത്തിമയുടെ പിതാവ് നാഗ്പൂരിലേക്ക് തിരിച്ചു.

സ്പോർട്സ് കൗൺസിലിൽ റജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് ഫാത്തിമ ഉൾപ്പെട്ട ടീം മത്സരത്തിനെത്തിയത്. എന്നാൽ, ഇവർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ‌ ദേശീയ ഫെഡറേഷൻ നൽകിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റു സൗകര്യങ്ങൾ നൽകില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാടെന്നാണ് വിവരം. നാഗ്പൂരിൽ താൽകാലിക സൗകര്യങ്ങളിലാണ് ടീം കഴിഞ്ഞിരുന്നത്. അതേസമയം, താമസ, ഭക്ഷണ സൗകര്യം ലഭിച്ചില്ലെന്ന പരാതി പരിശോധിച്ചുവരികയാണെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. 

English Summary: Nida Fathima Passed Away 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com