ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ആഗോളപ്രാധാന്യം എടുത്തുപറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പ്രധാനമന്ത്രിയുടെ സ്റ്റേറ്റ് വിസിറ്റിന്റെ വിഡിയോ ഉൾപ്പെടെയുള്ള ബൈഡന്റെ ട്വീറ്റ് പങ്കുവച്ചായിരുന്നു മോദിയുടെ കുറിപ്പ്.

‘‘യുഎസും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്ത് വലിയ ഗുണഫലങ്ങളുണ്ടാക്കുന്നതാണ്. ഈ ബന്ധം കൂടുതൽ ശക്തവും അടുപ്പമേറിയതും മുൻപത്തേക്കാളും പരിവര്‍ത്തനാത്മകവുമാണ്.’’– മോദിയുടെ യുഎസ് യാത്രയുടെ 1.22 മിനിറ്റുള്ള ദൃശ്യങ്ങളടങ്ങിയ വിഡിയോ പങ്കുവച്ച് ബൈഡൻ കുറിച്ചു. ബൈഡന്റെ അഭിപ്രായത്തോടു പൂർണമായും യോജിക്കുന്നതായി മോദി പറഞ്ഞു.

‘‘നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ആഗോള നന്മയ്ക്കായുള്ള പ്രേരകശക്തിയാണ്. ഇതു ഭൂമിയെ കൂടുതൽ മെച്ചപ്പെട്ടതും സുസ്ഥിരവുമാക്കും. കഴിഞ്ഞ ദിവസങ്ങളിലെ എന്റെ യുഎസ് സന്ദർശനത്തിൽ ചർച്ചയായ വിഷയങ്ങൾ നമുക്കിടയിലെ ബന്ധം മുൻപത്തേക്കാൾ ശക്തമാക്കുന്നതാണ്.’’– യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിനെയും ബൈഡന്റെ സ്വകാര്യ ഹാന്‍ഡിലിനെയും ടാഗ് ചെയ്ത് മോദി റീട്വീറ്റ് ചെയ്തു.

ജൂൺ 21 മുതൽ 24 വരെയായിരുന്നു മോദിയുടെ യുഎസ് സ്റ്റേറ്റ് വിസിറ്റ്. 20ന് ന്യൂയോർക്കിലെത്തിയ മോദിയെ ആൻഡ്രൂസ് വ്യോമതാവളത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജരുടെ സംഘം സ്വീകരിച്ചു. 21ന് യുഎൻ ആസ്ഥാനത്തു മോദിയുടെ നേതൃത്വത്തിലായിരുന്നു രാജ്യാന്തര യോഗാ ദിനാചരണം. 22ന് ബൈഡനും ഭാര്യ ജിൽ ബൈഡനും വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്ന് നൽകി. അന്നു യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തു. യുഎസിൽനിന്നു യാത്ര തിരിച്ച മോദി ഈജിപ്ത് സന്ദർശിച്ചാണ് മടങ്ങിയെത്തിയത്.

English Summary: Joe Biden's Tweet On India-US Ties After PM Modi's State Visit. His Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com