‘ലീഗ് നെഹ്റുവിനോട് തർക്കിച്ച പാർട്ടി’: കോൺഗ്രസിനും ലീഗിനും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് ഷാജി

Mail This Article
കോഴിക്കോട്∙ ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പറഞ്ഞതു മുഴുവൻ ലീഗ് നിലപാടല്ലെന്നു വ്യക്തമാക്കി കെ.എം.ഷാജി. പ്രസംഗത്തിലുടനീളം തരൂർ പലസ്തീനിലെ ദുരന്തങ്ങളെ വിവരിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വിഷയത്തിൽ ലീഗുമായി യോജിക്കാത്ത അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇടയിൽ പറയുകയും ചെയ്തു. ലീഗിനും കോൺഗ്രസിനും പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്നും ഷാജി പറഞ്ഞു. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിയിൽ ഹമാസിനെ ‘ഭീകരവാദികൾ’ എന്നായിരുന്നു തരൂർ വിശേഷിപ്പിച്ചത്.
‘‘ലീഗിന് വേറെ അഭിപ്രായമുണ്ട്. കോൺഗ്രസിനു വേറെ അഭിപ്രായമുണ്ട്. നെഹ്റുവിനോടു തർക്കിച്ച പാർട്ടിയാണു ലീഗ്. എ.കെ.ആന്റണിയുടെ, പത്തുപൈസക്ക് കൊള്ളാത്ത മകനെ കൊണ്ടുപോകുന്ന ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻപോലും അദ്ദേഹത്തിന് അറിയില്ല. അയാൾക്കുവരെ വലിയ സ്ഥാനം കൊടുക്കുന്ന ബിജെപി, എത്രവലിയ സ്ഥാനത്തു തരൂരിനെ കൊണ്ടുപോയി ആദരിക്കും. പക്ഷേ 10 കൊല്ലം പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ഒരു സന്ധിയുമില്ലാതെ ഫാഷിസ്റ്റുകളോടു പൊരുതുന്നവരുടെ നിരയിൽ ശശി തരൂരുണ്ട്’’–ഷാജി പറഞ്ഞു.