മലയാളത്തിന്റെ പ്രിയകഥാകാരി പി.വൽസലയുടെ സംസ്‌കാരം വെള്ളിയാഴ്ച
Mail This Article
കോഴിക്കോട്∙ മലയാളത്തിന്റെ പ്രിയകഥാകാരി പി.വൽസലയുടെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. വൈകിട്ട് നാലിന് വെസ്റ്റ് ഹിൽ ശ്‌മശാനത്തിലാണ് സംസ്കാരം. വെള്ളിയാഴ്ച രാവിലെ മുതൽ 12 മണി വരെ മൃതദേഹം വെള്ളിമാട്കുന്നിലെ വീട്ടിലും 12 മുതൽ മൂന്ന് മണി വരെ കോഴിക്കോട് ടൗൺഹാളിലും പൊതു ദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ചിന് ടൗൺഹാളിൽ അനുശോചന യോഗം ചേരും. ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പി.വൽസല (84) അന്തരിച്ചത്.
കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ്. നോവലിനും സമഗ്രസംഭാവനയ്ക്കുമുള്ള അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. അക്കാദമിയുടെ വിശിഷ്ടാംഗത്വവും.
കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറമ്പത്ത് പത്മാവതിയുടെയും മകളായി 1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നിൽ ജനിച്ചു. ഹൈസ്കൂൾ പഠനകാലത്ത് വാരികകളിൽ കഥയും കവിതയും എഴുതിത്തുടങ്ങി. അധ്യാപികയായി ജോലി ചെയ്തിരുന്ന പി.വൽസല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.
വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ആഗ്നേയം, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലിഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിരക്കിൽ അൽപം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങൾ. മരച്ചുവട്ടിലെ വെയിൽച്ചീളുകൾ (അനുഭവങ്ങൾ), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ.
‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് 1975ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും 2019ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയൻ പുരസ്കാരം, കുങ്കുമം അവാർഡ്, സിഎച്ച് മുഹമ്മദ് കോയ അവാർഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ലളിതാംബികാ അന്തർജനം അവാർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ അക്ഷരം അവാർഡ്, മയിൽപീലി അവാർഡ് തുടങ്ങിയവ ലഭിച്ചു.
അധ്യാപകനും സഹപ്രവർത്തകനുമായിരുന്ന എം.അപ്പുക്കുട്ടിയാണു ഭർത്താവ്. മക്കൾ: അരുൺ മാറോളി (സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്എ), ഡോ.എം.എ.മിനി. മരുമക്കൾ: കസ്തൂരി നമ്പ്യാർ, ഡോ.നിനാകുമാർ (മുൻ കോഴിക്കോട് ജില്ലാ വെറ്ററിനറി ഓഫിസർ).