ADVERTISEMENT

തിരുവനന്തപുരം ∙ ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശങ്ങൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി ചില ഭേദഗതികളോടെ അംഗീകരിച്ചു തിരിച്ചയച്ചു. സർക്കാർ നിർദേശങ്ങളിൽ കാര്യമായ ഭേദഗതി വരുത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തെ പ്രതിപക്ഷ എംഎൽഎമാർ സബ്ജക്ട് കമ്മിറ്റിയിൽ എതിർത്തു.

ലൈസൻസ് നൽകുന്നതനു ചില പുതിയ നിർദേശങ്ങൾ സബ്ജക്ട് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. എക്സൈസ്–നിയമവകുപ്പുകൾ ചർച്ച നടത്തിയശേഷം പ്രത്യേക ചട്ടങ്ങൾ പുറത്തിറക്കും. നേരത്തെ ചർച്ച ചെയ്തതിനാൽ വീണ്ടും മന്ത്രിസഭ പരിഗണിക്കേണ്ടതില്ല. ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണു തീരുമാനം. സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐടി പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം. ക്ലബ്ബ് മാതൃകയിലാകും പ്രവർത്തനം. ക്ലബ് അനുവദിക്കുമ്പോൾ നിയന്ത്രണച്ചുമതല ഡെവലപ്പർക്കോ കോ–ഡെവലപ്പർക്കോ ആകാമെന്നാണ് എക്സൈസ് ശുപാർശ. ടെക്നോപാർക്കിന്റെ കാര്യമെടുത്താൽ ഡെവലപ്പർ ടെക്നോപാർക്കും കോ-ഡെവലപ്പർമാർ കമ്പനികളുമാണ്. ക്ലബ്ബ് ഫീസായ 20 ലക്ഷം ഈടാക്കാനാണ് ആലോചന. ബാറുകളുടെ പ്രവർത്തന സമയമായ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെ ഐടി പാർക്കുകളിലെ മദ്യശാലകൾക്കും പ്രവർത്തിക്കാം.

മറ്റു ലൈസൻസികളെപോലെ ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബവ്റിജസ് കോർപറേഷന്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം. ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്ന് വരുന്നവർക്ക് മദ്യം വിതരണം ചെയ്യില്ല. ഐടി കമ്പനികളുടെ അതിഥികളായെത്തുന്നവർക്ക് മദ്യം നൽകാം. മദ്യം ഒഴുക്കാനുള്ള തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് നൽകുമെന്നും നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്നും സബ്ജക്ട് കമ്മിറ്റി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

English Summary:

Liquor in IT Park: Subject committee approves government proposals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com