സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും പെന്‍ഷന്‍കാരോടും ക്രൂരമായ അവഗണന: വി.ഡി.സതീശൻ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും പെന്‍ഷന്‍കാരോടും ക്രൂരമായ അവഗണനയാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു ലക്ഷത്തോളം പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികകളൊന്നും കിട്ടാതെ മരിച്ചുവെന്നും നിയമസഭയിൽ സബ്മിഷന്‍ അവതരിപ്പിച്ച് സതീശൻ പറഞ്ഞു.
പുതിയ പേ കമ്മിഷന്റെ ശുപാര്‍ശകള്‍ ജൂലൈ ഒന്നിനു മുന്‍പ് നടപ്പാക്കേണ്ടതാണ്. പുതിയ പേ കമ്മിഷനെ ഇതുവരെ നിയമിച്ചിട്ടില്ല. അഞ്ച് വര്‍ഷം മുന്‍പത്തെ പേ കമ്മിഷന്റെ ശമ്പള പരിഷ്‌കരണം പ്രകാരമുള്ള കുടിശിക നല്‍കിയിട്ടില്ല. 39 മാസത്തെ ഡിഎ നല്‍കാനുണ്ട്. 21 ശതമാനത്തില്‍ രണ്ട് ശതമാനം മാത്രം നല്‍കുമെന്ന് ഉത്തരവിറക്കിയ സര്‍ക്കാര്‍ 19 ശതമാനം ഡിഎയെ കുറിച്ച് മൗനം പാലിക്കുകയും കിട്ടില്ലെന്ന സന്ദേശവുമാണ് ഉത്തരവിലൂടെ നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ലീവ് സറണ്ടറും നല്‍കുന്നില്ല.
മെഡിസെപ് പദ്ധതിയുടെ വിഹിതം ജീവനക്കാരില്‍നിന്നു വാങ്ങി സര്‍ക്കാര്‍ ലാഭമുണ്ടാക്കുന്നതല്ലാതെ പദ്ധതിയുടെ ആനുകൂല്യം പ്രധാനപ്പെട്ട രോഗങ്ങള്‍ക്കൊന്നും കിട്ടുന്നില്ല. നല്ല ആശുപത്രികള്‍ പോലും മെഡിസെപിന്റെ ലിസ്റ്റിലില്ല. 15,000 കോടി രൂപയാണ് ക്ഷാമബത്ത കുടിശികയായി നല്‍കാനുള്ളത്. അഞ്ച് വര്‍ഷത്തെ ലീവ് സറണ്ടര്‍ ആനുകൂല്യമായി 14,000 കോടിയും പേ റിവിഷന്‍ കുടിശികയായി 6,000 കോടിയുമുണ്ട്. ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് 35,000 കോടി രൂപയാണ് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത്.
പെന്‍ഷന്‍കാര്‍ക്ക് 6,000 കോടിയാണ് ഡിആര്‍ കുടിശിക. പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയായി 1000 കോടി നല്‍കാനുണ്ട്. ജീവനക്കാര്‍ക്കും അധ്യാപര്‍ക്കും 35,000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 7,000 കോടിയും ഉള്‍പ്പെടെ 42,000 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിനുള്ളത്. ക്രൂരമായ അവഗണനയാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്– സതീശൻ പറഞ്ഞു.