കോട്ടയത്ത് മഴയ്ക്കൊപ്പം കനത്ത കാറ്റ്; റെയിൽപ്പാളത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
Mail This Article
കോട്ടയം∙ ജില്ലയിൽ മഴയ്ക്ക് ഒപ്പം എത്തിയ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. ചെറിയനാട്ട് റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് റെയിൽ ഗതാഗതം മുടങ്ങി. 4.10 ന് ആണ് സംഭവം. മാവേലിക്കര – ചെങ്ങന്നൂർ പാതയിലാണ് മരം വീണത്. മരം വെട്ടിമാറ്റി, 5.45 നു ഗതാഗതം പുനഃസ്ഥാപിച്ചു. ജനശതാബ്ദി , എറണാകുളം മെമു , ചെന്നൈ മെയിൽ ട്രെയിനുകൾ ഒന്നര മണിക്കൂർ വൈകി.
പാലാ പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകൾ അടക്കം തകർന്നു. പ്രവിത്താനം– ഉള്ളനാട് റോഡിൽ ഗതാഗത തടസ്സമുണ്ട്. ഉച്ചയ്ക്ക് 12.30ഓടെ വീശിയടിച്ച കാറ്റിലാണു നാശം. റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കും കേടുപാടുകളുണ്ട്.
കുമരകം– ചേർത്തല റോഡിൽ ബണ്ട് റോഡിൽ മരം റോഡിലേക്ക് കടപുഴകി വീണു. രണ്ട് കാറുകൾക്കു മുകളിലേക്കാണു മരം വീണത്. റോഡിൽ ഗതാഗത തടസ്സമുണ്ട്. വാഴൂർ– ചങ്ങനാശേരി റോഡിൽ ചമ്പക്കര പള്ളിക്കു സമീപം കൂറ്റൻ മരം റോഡിലേക്കു വീണു. ഇവിടെയും റോഡിൽ ഗതാഗത തടസ്സമുണ്ട്. അഗ്നിരക്ഷാസേന മരം വെട്ടി നീക്കുന്നു.