ശബരിമല: പൊലീസിന്റെ നാലാം ബാച്ച് എത്തി; എഇഡി ഉപകരണങ്ങൾ എത്തിക്കാൻ തീരുമാനം
Mail This Article
പത്തനംതിട്ട∙ ശബരിമലയിൽ പൊലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡിവൈഎസ്പിമാരുടെ കീഴിൽ 36 സിഐമാരും 105 എസ്ഐ, എഎസ്ഐമാരും 1375 സിവിൽ പൊലീസ് ഓഫിസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്. ഡിവൈഎസ്പിമാർക്കും പൊലീസ് ഇൻസ്പെക്ടർമാർക്കും സ്പെഷൽ ഓഫിസർ ദേവസ്വം കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രത്യേക നിർദേശങ്ങൾ നൽകി.
വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ നാലാമത് ബാച്ച് പൊലീസ് സേനയ്ക്ക് സ്പെഷൽ ഓഫിസർ ,ജോയിന്റ് സ്പെഷൽ ഓഫിസർ, അസിസ്റ്റൻറ് സ്പെഷൽ ഓഫിസർ എന്നിവർ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകി. സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫിസറായ ബി.കൃഷ്ണകുമാർ (എസ്പി റെയിൽവേ പൊലീസ്) ജോയന്റ് സ്‌പെഷൽ ഓഫിസർ ഉമേഷ് ഗോയൽ (മാനന്തവാടി എഎസ്പി), അസി. സ്‌പെഷൽ ഓഫിസറായ ടി.എൻ.സജീവ് (അഡീഷനൽ എസ്,പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിന്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.
അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്‌പെഷൽ ഓഫിസർ നിർദേശം നൽകി. തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരിപീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയ ബാച്ചിനെ വിന്യസിച്ചു. ശബരിമല തീർഥാടകരുടെ ഹൃദയം കാക്കാൻ 5 എഇഡി ഉപകരണങ്ങൾ എത്തുന്നു.
ശബരിമല തീർഥാടകർക്കായി 5 എഇഡി ഉപകരണങ്ങൾ
ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും മറ്റ് ഹൃദ്രോഗങ്ങൾ മൂലവും തീർഥാടകർ മരണപ്പെടുന്നത് ഒഴിവാക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓട്ടോമാറ്റഡ് എക്സ്റ്റേണൽ ഡിഫൈബ്രിലേറ്റർ (എഇഡി) ഉപകരണം വാങ്ങുന്നു. ആദ്യ ഘട്ടമായി ഇത്തരം 5 എഇഡി ഉപകരണങ്ങൾ ഡിസംബർ 20 ന് ശബരിമലയിൽ എത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐഎംഎ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഹൃദയസ്തംഭനം അനുഭവപ്പെടുന്ന തീർഥാടകന് 10 മിനിറ്റിനുള്ളിൽ എഇഡി ലഭ്യമാക്കാൻ സാധിച്ചാൽ മരണനിരക്ക് 80 ശതമാനത്തോളം കുറയ്ക്കാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.
പമ്പയിൽനിന്ന് അപ്പാച്ചിമേട്ടിലേക്കുള്ള വഴിയിലെ എമർജൻസി മെഡിക്കൽ സെന്ററുകളിലാണ് (ഇഎംസി) എഇഡി ലഭ്യമാവുക.
പമ്പ-സന്നിധാനം വഴിയിലെ ഓരോ അര കിലോമീറ്ററിലും ഒരു എഇഡി ഉറപ്പാക്കണമെന്ന് നിർദേശിച്ചു. അതുപോലെ നിലവിൽ ഹൃദയസ്തംഭനം മൂലവും മറ്റുമുള്ള തീർഥാടകരുടെ സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണാൻ അടുത്ത വർഷം മുതൽ പ്രത്യേക നിധി രൂപീകരിക്കുമെന്ന് ബോർഡ് പ്രസിഡന്റ് അറിയിച്ചു.
വെർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽ നിന്ന് നിർബന്ധമല്ലാത്ത രീതിയിൽ 10 രൂപ വീതം വാങ്ങും. ഈ തുക ഉപയോഗിച്ചാണ് പ്രത്യേക നിധി സ്വരൂപിക്കുക. തീർഥാടകർക്ക് 10 രൂപ നൽകാതെയും വെർച്വൽ ക്യു ബുക്ക് ചെയ്യാം. ‘‘ഏകദേശം 60 ലക്ഷം പേർ വെർച്വൽ ക്യു ബുക്ക് ചെയ്യുന്നു എന്നാണ് കണക്ക്. ഒരാളിൽനിന്ന് വെറും 10 രൂപ ലഭിച്ചാൽ തന്നെ 6 കോടിയുടെ പ്രത്യേക ഫണ്ട് ഉണ്ടാകും. ഈ ഫണ്ടിൽ നിന്ന് മലക്കയറ്റത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് 5 ലക്ഷം രൂപ ആശ്വാസ സഹായമായി നൽകാനും സാധിക്കും.’’– പി.എസ്. .പ്രശാന്ത് വ്യക്തമാക്കി.
ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായുള്ള ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ ലഭ്യമല്ലാത്തതുകൊണ്ടാണ് ബോർഡ് പ്രത്യേക നിധി ആവിഷ്കരിക്കുന്നത്. കഴിഞ്ഞവർഷം ശബരിമല ദർശനത്തിനിടെ ഹൃദയാഘാതവും മറ്റ് ഹൃദ്രോഗങ്ങളും കാരണം 48 പേർ മരിച്ചതായാണ് കണക്ക്. മരിക്കുന്ന പലരും നിർധന കുടുംബത്തിലെ അംഗങ്ങളാണ് എന്നതും കൂടി കണക്കിലെടുത്തു കൊണ്ടാണ് ബോർഡിന്റെ പുതിയ തീരുമാനം.