സന്നിധാനത്തേക്ക് ഒഴുകിയെത്തി അയ്യപ്പ ഭക്തൻമാർ; രാത്രി വൈകിയും ശബരിമലയിൽ വൻ തിരക്ക്

Mail This Article
ശബരിമല∙ അയ്യപ്പ ദർശനം തേടി സന്നിധാനത്തേക്കുള്ള തിരക്ക് തുടരുന്നു. ഇന്ന് രാത്രിയോടെ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. രാത്രി 10 മണി വരെയുള്ള കണക്കനുസരിച്ച് 78,058 പേരാണ് ഇന്ന് വെർച്വല്‍ ക്യൂ വഴി സന്നിധാനത്തേക്ക് എത്തിയത്. അതിൽ 20,677 പേർ സ്പോട്ട് ബുക്കിങ് വഴി സന്നിധാനത്ത് എത്തി ദർശനം നടത്തി. ഇതു തുടർച്ചയായ മൂന്നാം ദിവസമാണ് സ്പോട്ട് ബുക്കിങ് ഇരുപതിനായിരം പിന്നിടുന്നത്.
തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25 ന് വെർച്വൽ ക്യൂ 54,444 പേർക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേർക്കു മാത്രമാണ് ദർശനത്തിന് അവസരം ഉള്ളത്.
സാധാരണ ദിവസങ്ങളിൽ വെർച്വൽ ക്യൂ 70,000 ആയിരുന്നു. ഇതിനു പുറമേ ദർശനത്തിനു വരുന്ന എല്ലാവർക്കും സ്പോട് ബുക്കിങ് അനുവദിച്ചു. എന്നാൽ 25നും 26 നും സ്പോട് ബുക്കിങ് നടത്തി ദർശനത്തിനു കടത്തിവിടില്ല. 26 ന് ഉച്ചയ്ക്ക് 12നും 12.30 നും മധ്യേയാണ് മണ്ഡല പൂജ. രണ്ടു ദിവസമായി 20,000നു മുകളിലാണ് സ്പോട് ബുക്കിങ്.
