കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റ് മരണം, മൃതദേഹം കാട്ടിൽ ഒളിപ്പിച്ച് സുഹൃത്തുക്കൾ; 6 പേർ കസ്റ്റഡിയിൽ

Mail This Article
മുംബൈ ∙ പാൽഘറിലെ വനമേഖലയിൽ കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തിൽ കൂട്ടുകാരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാട്ടിൽനിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന്, 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 28ന് രാത്രിയാണ് പാൽഘർ മാനറിലെ ബോർഷേട്ടി വനമേഖലയിലേക്ക് ഒരു സംഘം ഗ്രാമീണർ കാട്ടുപന്നി വേട്ടയ്ക്കായി പോയത്.
യാത്രയ്ക്കിടെ അംഗങ്ങളിൽ ചിലർ വെവ്വേറെ വഴിയിലേക്കു തിരിഞ്ഞു. പിന്നീട്, ദൂരെ അനക്കം കണ്ടപ്പോൾ കാട്ടുപന്നികളാണെന്നു തെറ്റിദ്ധരിച്ച് കൂട്ടത്തിലുള്ളവർ വെടിവയ്ക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു.
പരിഭ്രാന്തരായ സംഘാംഗങ്ങൾ വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനു പകരം മൃതദേഹം കാട്ടിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു. പിന്നീട് രഹസ്യവിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതും പോസ്റ്റ്മോർട്ടത്തിന് അയച്ചതും. അതേസമയം, വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റയാൾ ചികിത്സയ്ക്കിടെ മരിച്ചെന്നും ഗ്രാമീണർ ചേർന്ന് മൃതദേഹം ദഹിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.