‘വാഴ പോയി എന്നു പറഞ്ഞാൽ ബാങ്കുകാർ കേൾക്കില്ല’; കാട്ടാന നശിപ്പിച്ചത് ആയിരത്തോളം വാഴകൾ: വിഷക്കുപ്പിയുമായി കർഷകൻ

Mail This Article
പനമരം∙ കാട്ടാന വാഴകൃഷി നശിപ്പിച്ചതില്‍ മനംനൊന്ത് വനംവകുപ്പിന്റെ ഔട്ട്‌പോസ്റ്റിനു മുകളിൽ വിഷക്കുപ്പിയുമായി കയറി കര്‍ഷകന്റെ ആത്മഹത്യാഭീഷണി. നടവയല്‍ പാതിരിയമ്പം ഉന്നതിയിലെ കണ്ണനാണ് ആത്മഹത്യാഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ കയറിയത്. ഒന്നര ലക്ഷം രൂപ വായ്പയെടുത്താണു വാഴകൃഷി ചെയ്തതെന്ന് കണ്ണൻ പറഞ്ഞു.
‘‘ഞാൻ എവിടെപ്പോയി ജീവിക്കും. വനപാലകരെ അറിയിച്ചിട്ടു തിരിഞ്ഞുനോക്കിയില്ല. ഇതല്ലാതെ വഴിയില്ല. എന്നെ ബലമായി ഇറക്കിക്കൊണ്ടുപോയാൽ നാളെ എന്നെ കണ്ടെന്നു വരില്ല. ആയിരം വാഴയോളം നശിപ്പിച്ചു. രണ്ടു ദിവസം ആനയുടെ പുറകെ നടന്നു. ഇനി വയ്യ. കൃഷിയിൽനിന്നു കിട്ടിയിട്ടു വേണം കടം അടയ്ക്കാൻ. വാഴ പോയി എന്നു പറഞ്ഞാൽ ബാങ്കുകാർ കേൾക്കില്ല. അവർ വീട് ജപ്തി ചെയ്യും. പ്രശ്നത്തിനു പരിഹാരമുണ്ടാകാതെ ഇറങ്ങില്ല’’ – കണ്ണൻ പറഞ്ഞു.
പിന്നീട്, നാട്ടുകാരും വനപാലകരും നടത്തിയ ചർച്ചയെത്തുടർന്ന് കണ്ണന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. നഷ്ടപരിഹാരത്തുകയുടെ ആദ്യഘടു തിങ്കളാഴ്ചയ്ക്കുള്ളിൽ വീട്ടിലെത്തിച്ചു നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതോടെ കണ്ണൻ കെട്ടിടത്തിനു മുകളിൽനിന്നിറങ്ങുകയായിരുന്നു.
വനപാലകരും നാട്ടുകാരും ആദ്യം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കാതെ കണ്ണൻ വിഷക്കുപ്പിയുമായി കെട്ടിടത്തിനു മുകളിൽ തുടർന്നിരുന്നു. ഇതിനിടെ കൂടുതൽ പ്രദേശവാസികൾ സ്ഥലത്തെത്തിയതോടെ സംഘർഷം ഉടലെടുത്തു. വനപാലകരും നാട്ടുകാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
രണ്ടു ദിവസത്തിനിടെ രണ്ടുപേരെ വയനാട്ടിൽ കാട്ടാന കൊന്നതിൽ പ്രതിഷേധിച്ച് ഇന്നു ജില്ലയിൽ യുഡിഎഫ് ഹർത്താൽ നടത്തുകയാണ്. ഇതിനിടെയാണു നടവയലിലും പ്രതിഷേധം രൂക്ഷമായത്.