‘ദേവസ്വത്തിന് ഈ വരുമാനം കിട്ടിയിട്ട് വേണോ? ആനകളെ തുടർച്ചയായി യാത്ര ചെയ്യിപ്പിക്കുന്നു’: ചോദ്യങ്ങളുമായി ഹൈക്കോടതി

Mail This Article
കൊച്ചി ∙ കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് 3 പേർ മരിച്ച വിഷയത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ഇടഞ്ഞ ആനകളായ പീതാംബരന്റെയും ഗോകുലിന്റെയും ഉടമസ്ഥരായ ഗുരുവായൂർ ദേവസ്വത്തോടാണ് ആനകളുടെ പരിപാലനവും എഴുന്നള്ളിപ്പും സംബന്ധിച്ച് കോടതിയുടെ ചോദ്യങ്ങൾ. ആനകള്‍ക്ക് പരുക്ക് പറ്റിയതില്‍ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജനും ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നതില്‍ ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഗുരുവായൂർ ദേവസ്വത്തിൽ ആനകളുടെ ബുക്കിങ് എങ്ങനെയാണ് എന്നതിലും റിപ്പോർട്ട് നൽകാൻ നിർദേശമുണ്ട്.
ആനകളെ തുടർച്ചയായി യാത്ര ചെയ്യിപ്പിക്കുന്നുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. കഴിഞ്ഞ ഒന്നര മാസമായി ആനകളെ വിവിധ ജില്ലകളിലായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നു. ഒരു ആന ജനുവരി 2 മുതൽ തുടർച്ചയായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം റജിസ്റ്ററിൽ വ്യക്തമാണ്. ഇത് വരുമാനത്തിനു വേണ്ടിയാണോ. ഈ വരുമാനം കിട്ടിയിട്ടു വേണോ ദേവസ്വത്തിനെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ആനകളുടെ ഭക്ഷണക്രമം റജിസ്റ്ററിൽ രേഖപ്പെടുത്താതിരുന്നതും കോടതിയുടെ വിമർശനത്തിന് ഇടയാക്കി. ആനകളെ പുറത്തേക്ക് കൊണ്ടു പോകുമ്പോഴും ഭക്ഷണ റജിസ്റ്റർ കൃത്യമായി പാലിച്ചിരിക്കണമെന്ന് കോടതി നിർദേശിച്ചു. ഗുരുവായൂർ മുതൽ കൊയിലാണ്ടി വരെ 156 കിലോമീറ്റർ ആനയെ കൊണ്ടുപോയിട്ടുണ്ട്. ഇത് എത്ര മണിക്കൂർ എടുത്താണ് തുടങ്ങിയ കാര്യങ്ങളിലൊക്കെ ദേവസ്വത്തിലെ ഉദ്യോഗസ്ഥർക്ക് ധാരണയുണ്ടോ എന്നും കോടതി ചോദിച്ചു.
ഗോകുൽ ആനയ്ക്ക് കൊമ്പുകൊണ്ടുള്ള കുത്തേറ്റ് പരുക്കുണ്ടെന്ന് ദേവസ്വം അറിയിച്ചു. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയത് എന്നും കോടതി ചോദിച്ചു. ആനകളെ സുരക്ഷിതമായി മാറ്റുന്നതിനു മുൻപു തന്നെ കതിന പൊട്ടിയതാണ് ആന ഇടയാൻ കാരണമെന്ന് സർക്കാർ വ്യക്തമാക്കി. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നേടിയില്ല. ഇക്കാര്യത്തില്‍ എക്‌സ്പ്ലോസീവ്‌സ് നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷിക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി.