ADVERTISEMENT

ന്യൂഡൽഹി 15 വർഷം പൂർത്തിയായ വാഹനങ്ങൾക്കു മാർച്ച് 31 മുതൽ നഗരത്തിലെ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ലെന്ന് സർക്കാർ അറിയിച്ചു. വായുമലിനീകരണം കുറയ്ക്കാനാണ് കർശന നടപടിയെടുക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. 

ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് എൻഡ്-ഓഫ്-ലൈഫ് ആയി കണക്കാക്കുന്നത്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങൾ പെട്രോൾ പമ്പുകളിൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിർദേശം നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായുമലിനീകരണ തോത് കുറയ്ക്കുന്നതിനായി, എല്ലാ ഉയരമുള്ള കെട്ടിടങ്ങളും ഹോട്ടലുകളും ബിസിനസ് കോംപ്ലക്സുകളും ആന്റി–സ്മോഗ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. 2025 ഡിസംബറോടെ രാജ്യതലസ്ഥാനത്തെ 90% സിഎൻജി ബസുകളും പിൻവലിച്ച് ഇലക്ട്രിക് ബസുകൾ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. 2024 നവംബറിൽ ലോകത്തിലെ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ഡൽഹി എത്തിയിരുന്നു. പിന്നാലെ ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ എൻജിനുള്ള നാലുചക്ര വാഹനങ്ങൾക്കു ഡൽഹിയിലും ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ എന്നിവിടങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

∙ സെക്കൻഡ് ഹാൻഡ് മാർ‌ക്കറ്റ് കുതിച്ചുയരും

പുതിയ നിയമം എത്തിയതോടെ ഡൽഹിയിൽനിന്നുള്ള വാഹനങ്ങൾക്കു കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡിമാൻഡ് കൂടും. 2018ലെ സുപ്രീം കോടതി ഉത്തരവുപ്രകാരം, 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും പെട്രോൾ വാഹനങ്ങളും ഡൽഹിയിൽ നിരോധിച്ചപ്പോൾ, അവ കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിലും മറ്റും എത്തിച്ച് വിൽക്കുന്ന ബിസിനസ് വലിയ തോതിൽ വ്യാപിച്ചിരുന്നു. ബെൻസ്, ബിഎംഡബ്ല്യു, ടൊയോട്ട തുടങ്ങിയ കമ്പനികളുടെ പ്രീമിയം കാറുകൾക്കാണ് ആവശ്യക്കാരേറെയുള്ളത്. 

വിലക്കുറവും എൻഒസി (നോൺ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ്) വേഗത്തിൽ ലഭിക്കുന്നതുമാണ് ആളുകളെ ആകർഷിക്കുന്നത്. റജിസ്ട്രേഷൻ പുതുക്കാൻ, മോഡൽ അനുസരിച്ച് ഒരുലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെ വേണം. ഡൽഹിയിൽനിന്നുള്ള വാഹനങ്ങൾ നാട്ടിലെത്തിക്കാനായി പ്രത്യേക ഏജൻസികൾ തന്നെയുണ്ട്. മലയാളികളാണ് ഏജൻസികൾ നടത്തുന്നവരിലേറെയും. 30,000 രൂപ മുതൽ 50,000 രൂപ വരെയാണ് അവർ ഈടാക്കുന്നത്. വാഹനം എത്തിക്കാൻ 3– 6 ദിവസമെടുക്കും.

English Summary:

Delhi's 15-Year-Old Vehicle Ban: A Blow to Owners, a Boon to Used Car Markets?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com