ADVERTISEMENT

ബെയ്ജിങ് ഏപ്രിൽ 2 മുതൽ പകരത്തിനു പകരം തീരുവ നടപ്പിലാക്കാനുള്ള യുഎസ് നീക്കത്തിൽ പ്രതികരണവുമായി ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കിൽ അവസാനം വരെ പൊരുതാൻ ബെയ്ജിങ് തയാറാണെന്നു ചൈന അറിയിച്ചു. ‘‘യുഎസിന് യുദ്ധമാണ് വേണ്ടതെങ്കിൽ, അത് തീരുവ യുദ്ധമാണെങ്കിലും വ്യാപാര യുദ്ധമാണെങ്കിലും മറ്റേത് യുദ്ധമാണെങ്കിലും അവസാനം വരെ പോരാടാൻ ഞങ്ങൾ തയാറാണ്’’- ചൈനീസ് എംബസിയുടെ ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു.

ചൈനീസ് ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ 10 ശതമാനത്തിൽ നിന്നു 20 ശതമാനമായി ഡോണൾ‍ഡ് ട്രംപ് വർധിപ്പിച്ചിരുന്നു. ഇതിനെതിരെ ചൈന ലോക വ്യാപാരസംഘടയിൽ പരാതി നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഏകപക്ഷീയമായ നികുതി നടപടികൾ ലോക വ്യാപാരസംഘടയുടെ നിയമങ്ങൾ ലംഘിക്കുന്നതും ചൈന - യുഎസ് സാമ്പത്തിക, വ്യാപാര ബന്ധത്തിന്റെ അടിത്തറയിളക്കുന്നതുമാണെന്ന് ബെയ്ജിങ് വാണിജ്യ മന്ത്രാലയം അറിയിച്ചു.

യുഎസിലേക്കു ഫെന്റനൈൽ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എത്തുന്നത് തടയാൻ ചൈന ശ്രമിക്കുന്നില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണത്തിനും ബെയ്ജിങ് മറുപടി നൽകി. ‘‘ചൈനീസ് ഉൽപന്നങ്ങൾക്കു മുകളിലെ തീരുവ ഉയർത്താനുള്ള ബാലിശമായ കാരണമാണു ഫെന്റനൈൽ. ഇത് യുഎസിന്റെ ആഭ്യന്തര പ്രശ്നമാണ്. യുഎസ് ജനതയുടെ നല്ലതിനായി ഫെന്റനൈൽ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ യുഎസിനെ സഹായിക്കുന്നു എന്നു മാത്രം. ഞങ്ങളുടെ സഹായങ്ങളെ അംഗീകരിക്കാതെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമാണ് യുഎസ് ചെയ്യുന്നത്. സമ്മർദം ചെലുത്തുന്നതും നിർബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ചൈനയെ നേരിടാനുള്ള ശരിയായ മാർഗമല്ല. ഫെന്റനൈൽ പ്രശ്നം പരിഹരിക്കാൻ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ചൈനയെ തുല്യരായി പരിഗണിച്ച് കൂടിയാലോചനകൾ നടത്തുകയാണ് വേണ്ടത്’’ –ബെയ്ജിങ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കയിൽ നിർമിക്കാത്ത ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുമെന്നു ട്രംപ് പറഞ്ഞു. പതിറ്റാണ്ടുകളായി പല രാജ്യങ്ങളും യുഎസിനെതിരെ തീരുവ ഉപയോഗിക്കുന്നു. അവർക്കെതിരെ തിരിച്ചു തീരുവ ചുമത്താനുള്ള അവസരമാണിപ്പോൾ വന്നിരിക്കുന്നത്. ചൈനയ്ക്കെതിരെ യുഎസ് ചുമത്തുന്നതിന്റെ ഇരട്ടി തിരുവയാണ് യുഎസ് ഉൽപന്നങ്ങൾക്ക് ചൈന ചുമത്തുന്നത്. ദക്ഷിണ കൊറിയ നാലിരട്ടിയും. ഏപ്രിൽ 2 മുതൽ പകരത്തിനുപകരം തീരുവ തുടങ്ങും. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കു നൽകുന്ന ഇളവുകൾ നിരോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

English Summary:

US-China trade war: Beijing strongly retaliates against US tariffs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com