‘രണ്ടാഴ്ചത്തേക്ക് കൂടിയുള്ള കരുതൽ ശേഖരം മാത്രം’; ഗാസയിൽ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

Mail This Article
ജറുസലം ∙ ഭക്ഷണം, ഇന്ധനം, മരുന്നു തുടങ്ങിയവയുടെ വിതരണം ഇസ്രയേല്‍ നിര്‍ത്തിവച്ചതിനു പിന്നാലെ ഗാസയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. യുദ്ധത്തിനു പിന്നാലെ ഗാസയിലെ 20 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ പൂര്‍ണമായും ആശ്രയിക്കുന്നതു പുറത്തുനിന്നെത്തുന്ന ഭക്ഷണത്തെയും അവശ്യവസ്തുക്കളെയുമാണ്. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍, എത്തിയ ഭക്ഷണവസ്തുക്കള്‍ മുഴുവന്‍ വിതരണം ചെയ്തതിനാല്‍ ഗാസയില്‍ വലിയതോതില്‍ നീക്കിയിരിപ്പില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ഏജന്‍സി- വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. രണ്ടാഴ്ചത്തേക്ക് കൂടിയുള്ള കരുതൽ ശേഖരമേ ഉള്ളൂവെന്നും അവര്‍ അറിയിച്ചു. പച്ചക്കറികളുടെയും ധാന്യമാവിന്റെയും വില ഗാസയില്‍ കുതിച്ചുയരുകയാണ്.
വെടിനിര്‍ത്തല്‍ കരാര്‍ ഹമാസിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ഉപരോധമെന്ന് ഇസ്രയേല്‍ പറയുന്നു. ഹമാസുമായി എത്തിച്ചേര്‍ന്ന വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത് ഇസ്രയേല്‍ വൈകിപ്പിക്കുകയാണ്. ഈ ഘട്ടത്തില്‍ ഗാസയ്ക്കുള്ള സഹായം തുടര്‍ന്നേക്കുമെന്നാണ് കരുതുന്നത്. സമ്മര്‍ദം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നും ഹമാസ് കരാര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത പക്ഷം ഗാസയിലേക്കുള്ള വൈദ്യുതിവിതരണം പൂര്‍ണമായി തടയാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു. യുദ്ധത്തിൽ വീടുകള്‍ നഷ്ടമായതിനാല്‍ ഭൂരിഭാഗം പേരും അഭയകേന്ദ്രങ്ങളിലാണ്.