‘സീൽഡ് കവർ മുറിച്ച് ചോദ്യപേപ്പർ പുറത്തെടുത്തു; ഫഹദിന് ഫോട്ടോ അയച്ചു’: ചോർത്തലിൽ ഗൂഢാലോചനയെന്ന് ക്രൈംബ്രാഞ്ച്

Mail This Article
കോഴിക്കോട്∙ ചോദ്യപ്പേപ്പറുകളുടെ സീൽഡ് കവർ മുറിച്ച് ഫോട്ടോ എടുത്തുകൊടുക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ മലപ്പുറം മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്യൂൺ അബ്ദുൽ നാസർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മലപ്പുറം ജില്ലയിലെ രാമപുരം സ്വദേശിയാണ് അബ്ദുൽ നാസർ. ചോദ്യക്കടലാസ് ചോർത്തിയതിനു പിന്നിലെ ഗൂഢാലോചന തെളിഞ്ഞെന്നും വിദ്യാഭ്യാസ വകുപ്പിനു സംഭവത്തിൽ പങ്കില്ലെന്നും ക്രൈംബ്രാഞ്ച് എസ്പി മൊയ്തീൻ കുട്ടി അറിയിച്ചു.
പാക്ക് ചെയ്ത സീൽഡ് കവറിന്റെ പുറകുവശം മുറിച്ചാണു ചോദ്യക്കടലാസ് പുറത്തെടുത്തത്. തുടർന്ന് ഫോട്ടോ എടുത്ത് കൊടുവള്ളി എംഎസ് സൊലൂഷൻസ് അധ്യാപകൻ ഫഹദിന് അയച്ചുകൊടുത്തു. ചോദ്യക്കടലാസ് തിരികെ വച്ചശേഷം പഴയതുപോലെ ഒട്ടിച്ചുവച്ചു. ചോദ്യക്കടലാസ് ചോർത്തിയത് സ്കൂൾ അധികൃതർ അറിഞ്ഞിട്ടില്ല. ചോദ്യക്കടലാസ് ചോർത്തിയെന്ന് അബ്ദുൽ നാസർ സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്ലസ് വൺ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ ചോദ്യക്കടലാസും എസ്എസ്എൽസി ഇംഗ്ലിഷ് പരീക്ഷയുടെ ചോദ്യക്കടലാസും ചോർത്തിയെന്നാണു നാസർ സമ്മതിച്ചത്. നാസറിന്റെ ഫോൺ പരിശോധിച്ചതിൽനിന്നു ഫഹദിന് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്താൻ സാധിച്ചു. ഫഹദിന്റെ ഫോണിൽ നാസറുമായുള്ള ചാറ്റുകൾ ഫോർമാറ്റ് ചെയ്തുവെന്നും കണ്ടെത്തി.
എംഎസ് സൊലൂഷൻസ് അധ്യാപകനായ ഫഹദ് മുമ്പ് മേൽമുറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ആ സമയത്താണ് നാസറും ഫഹദും തമ്മിൽ അടുത്ത ബന്ധമുണ്ടായത്. എംഎസ് സൊലൂഷൻസ് അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെ നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണു നാസറിന്റെ പങ്ക് വ്യക്തമായത്. അതേസമയം, എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിനെ അറസ്റ്റ് ചെയ്തില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇയാളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ചോദ്യപേപ്പറിൽ എന്തൊക്കെ വരാമെന്ന പ്രവചനം മാത്രമാണു നടത്തിയതെന്നും ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്നുമായിരുന്നു ഷുഹൈബും അധ്യാപകരും ആവർത്തിച്ചത്. എന്നാൽ ചോദ്യക്കടലാസ് ചോർത്തിയതു തന്നെയാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നതെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി.