കരുവന്നൂർ: കെ. രാധാകൃഷ്ണൻ എംപിക്ക് വീണ്ടും ഇ.ഡി സമൻസ്; തിങ്കളാഴ്ച ഹാജരാകണം

Mail This Article
കൊച്ചി ∙ കരുവന്നൂർ കള്ളപ്പണം ഇടപാട് കേസിൽ കെ.രാധാകൃഷ്ണൻ എംപിക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി). തിങ്കളാഴ്ച ഡൽഹി ഓഫിസിൽ ഹാജാരാകാനാണ് നിർദേശം. ലോക്സഭ നടക്കുന്നതിനാലാണ് ഡൽഹി ഓഫിസിൽ എത്താൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് ഹാജരാകേണ്ടത്.
ഇ.ഡി കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുകൊണ്ടുള്ള സമൻസ് ബുധനാഴ്ച രാധാകൃഷണന് അയച്ചിരുന്നു. എന്നാൽ രാധാകൃഷ്ണൻ ഡൽഹിയിൽ ആയിരുന്നതിനാൽ വ്യാഴാഴ്ചയാണ് സമൻസ് കൈപ്പറ്റിയത്. ഇതിനാലാണ് ചോദ്യം ചെയ്യലിനു മറ്റൊരു ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ സമൻസ് അയച്ചത്.
കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് നടന്ന കാലയളവിൽ രാധാകൃഷ്ണനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി. അതിനാൽ തന്നെ കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്യലിൽനിന്ന് ഒഴിവാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെ ഇ.ഡിയുടെ പുതിയ നീക്കം.