‘സിപിഎം പറയുന്നത് കൊന്നിട്ടു വരൂ പാര്‍ട്ടി കൂടെയുണ്ട് എന്ന്; ചാവേറുകളെ പോറ്റിവളര്‍ത്തുന്ന രീതിയിൽ സംരക്ഷണം’

Mail This Article
തിരുവനന്തപുരം∙ കണ്ണൂര്‍ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ടെന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു സിപിഎം നൽകുന്നതെന്നു കെ.സുധാകരന്‍ ആരോപിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സിപിഎം ഉള്ളത് പാര്‍ട്ടി നൽകുന്ന ഈ സംരക്ഷണം മൂലമാണ്. കൊലപാതക രാഷ്ട്രീയത്തെ സിപിഎം തള്ളിപ്പറയുന്ന അന്ന് സംസ്ഥാനത്തെ രാഷ്ട്രീയക്കൊലകൾ അവസാനിക്കുമെന്നും കെ.സുധാകരൻ തുറന്നടിച്ചു.
‘‘കൊലയാളികള്‍ക്കു സമ്പൂര്‍ണ സംരക്ഷണമാണ് പാര്‍ട്ടി നൽകുന്നത്. അവരെ കൊലയ്ക്കു നിയോഗിക്കുന്നതു പാര്‍ട്ടിയാണ്. സമീപകാലത്തുവരെ യഥാര്‍ഥ പ്രതികള്‍ക്കു പകരം സിപിഎം ഡമ്മി പ്രതികളെയാണ് നൽകിയിരുന്നത്. പ്രതികളുടെ കോടതി വ്യവഹാരങ്ങള്‍, കുടുംബത്തിന്റെ സംരക്ഷണം, സാമ്പത്തിക സഹായം, ജോലി, ശമ്പളം, സ്മാരകം, വാര്‍ഷികം തുടങ്ങിയ എല്ലാ കാര്യങ്ങളും പാര്‍ട്ടി ഏറ്റെടുത്തു. കൊലയാളികളുടെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വരെ പാര്‍ട്ടി കൂടെയുണ്ട്. മദ്യം, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് തുടങ്ങിയ എല്ലാ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്ക് പാര്‍ട്ടിയാണ് കവചം. ഭീകരസംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നത്.’’ – സുധാകരന്‍ പറഞ്ഞു.
‘‘ടി.പി.ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി. നമ്മുടെ നികുതിപ്പണം വിനിയോഗിച്ച് സുപ്രീം കോടതി അഭിഭാഷകരെയാണ് നിയമപോരാട്ടത്തിനു നിയോഗിച്ചത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം ചവിട്ടി നിൽക്കുന്നത് കബന്ധങ്ങളിലാണ്. സൂരജ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്യുന്നു. പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്രമങ്ങള്‍ കണ്ടു പഠിച്ച എസ്എഫ്‌ഐയും ഭീകരസംഘടനയാണ്. മാനിഷാദ എന്നു പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും കഴിയാതെ പോകുന്നത് അവരുടെ രക്തപങ്കിലമായ രാഷ്ട്രീയജീവിതം കൊണ്ടാണ്.’’ – സുധാകരന്‍ വ്യക്തമാക്കി.