മ്യാൻമർ ഭൂകമ്പത്തിൽ പതിനായിരത്തിലേറെ മരണം?; 1600 മരണം സ്ഥിരീകരിച്ചു, ഓപ്പറേഷൻ ബ്രഹ്മയുമായി ഇന്ത്യ

Mail This Article
നയ്പീഡോ (മ്യാൻമർ) ∙ മ്യാൻമറിനെ നടുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1600 കടന്നു. പതിനായിരത്തിലേറെപ്പേർ മരിച്ചിട്ടുണ്ടാകുമെന്നാണു യുഎസ് ജിയോളജിക്കൽ സർവേയുടെ നിഗമനം. തകർന്നടിഞ്ഞ മാൻഡലെ നഗരത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറും മുൻപ് ഇന്നലെ നയ്പീഡോ നഗരത്തിൽ 5.1 തീവ്രതയുള്ള തുടർചലനമുണ്ടായി.
3400 പേർക്കു പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും സൈനിക ഭരണകൂടം വ്യക്തമാക്കി. നയ്പീഡോയിൽ ഗതാഗത, വൈദ്യുത, ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായി. രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറടക്കം തകർന്നു. ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലുള്ള മ്യാൻമറിൽ രക്ഷാദൗത്യവും ദുഷ്കരമാണ്. മാൻഡലെ നഗരത്തോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ഭൂകമ്പത്തിനു ശേഷവും സൈന്യം പ്രക്ഷോഭകർക്കു നേരെ വ്യോമാക്രമണം തുടർന്നു.
തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ഭൂകമ്പം കനത്ത ആഘാതം ഏൽപിച്ചു. നിർമാണത്തിലിരുന്ന 30 നില കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 8 ആയി. 47 പേരെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.50നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തൊട്ടുപിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി.
ഓപ്പറേഷൻ ബ്രഹ്മ; തുണയായി ഇന്ത്യ
∙ മ്യാൻമറിനു സഹായമെത്തിക്കാൻ ‘ഓപ്പറേഷൻ ബ്രഹ്മ’യുമായി ഇന്ത്യ. ദേശീയ ദുരന്ത നിവാരണ സേനയിലെ 80 അംഗങ്ങളെയും കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റിലെ 118 പേരെയും മ്യാൻമറിലേക്ക് അയച്ചു.
ആദ്യഘട്ടത്തിൽ 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ യാങ്കൂണിലെത്തിച്ചു. പുതപ്പുകൾ, വാട്ടർ പ്യൂരിഫയർ, ഭക്ഷ്യവസ്തുക്കൾ, സൗര വിളക്കുകൾ, മരുന്നുകൾ തുടങ്ങിയവയാണ് ഇതിലുള്ളത്. സഹായവുമായി കൂടുതൽ വിമാനങ്ങൾ വൈകാതെ പുറപ്പെടും. സൈനിക തലവൻ മിൻ ഓങ് ലെയ്ങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യയ്ക്കു പുറമേ ചൈനയുടെയും റഷ്യയുടെയും വിദഗ്ധസംഘം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.