അൽ ഖായിദ ഉപമേധാവി ഖാസിം അൽ റിമിയെ വധിച്ചെന്ന് ട്രംപ്

Mail This Article
വാഷിങ്ടൻ ∙ ഭീകര സംഘടനയായ അൽ ഖായിദയുടെ നേതാവ് അയ്മൻ അൽ സവാഹിരിയുടെ പിൻഗാമിയാകുമെന്നു കരുതപ്പെട്ടിരുന്ന ഖാസിം അൽ റിമിയെ (46) വധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി.
ഒരു കോടി ഡോളർ തലയ്ക്ക് വിലയിട്ടിരുന്ന റിമിയാണ് അൽഖായിദ അറേബ്യൻ ഉപഭൂഖണ്ഡ ഘടകം (എക്യൂഎപി) സ്ഥാപിച്ചതും അതിന്റെ തലവനായിരുന്നതും. ആഗോള അൽഖായിദയിൽ രണ്ടാമനായിരുന്ന ഇയാളെ തന്റെ നിർദേശപ്രകാരം യെമനിൽ നടത്തിയ വലിയൊരു ഭീകരവിരുദ്ധ ആക്രമണത്തിനിടെ വധിച്ചതെന്നു പറഞ്ഞതല്ലാതെ സൈനികനടപടിയുടെ വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടില്ല.
2015 ഡിസംബർ 6 നു ഫ്ലോറിഡയിലെ യുഎസ് നാവികസേനാതാവളത്തിൽ അൽ ഖായിദ നടത്തിയ ഭീകരാക്രമണത്തിൽ 3 യുഎസ് നാവികർ കൊല്ലപ്പെട്ടിരുന്നു.ഒരു സൗദി എയർഫോഴ്സ് ഓഫിസർ ആയിരുന്നു ആക്രമണം നടത്തിയത്. ഇതേത്തുടർന്നു ഭീകരബന്ധമാരോപിച്ച് 21 സൗദി പൗരന്മാരെ യുഎസ് പുറത്താക്കിയിരുന്നു.
2015ൽ യെമൻ ഘടകം തലവനായി സ്ഥാനമേറ്റ റിമി, ഫ്ലോറിഡ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. യുഎസിൽ കടന്നുകയറി ആക്രമണം നടത്തുവാൻ കഴിഞ്ഞതിനാൽ റിമിയുടെ നേതൃത്വത്തിലുള്ള അൽ ഖായിദ ഘടകമാണ് അമേരിക്ക ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കിയിരുന്നത്.
കഴിഞ്ഞ ഏതാനും മാസത്തിനിടെ ട്രംപ് ഭരണകൂടത്തിന്റെ മൂന്നാമത്തെ വലിയ സൈനിക നടപടിയാണിത്. ഒക്ടോബറിലാണ് ഐഎസ് മേധാവി അബൂബക്കർ അൽ ബഗ്ദാദിയെ വധിച്ചത്. ജനുവരിയിൽ മുതിർന്ന ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെയും.
Content Highlights: Qassim al Rimi, Al Qaeda, United States of America