കുമ്പളങ്ങി സ്റ്റൈൽ കരിമീൻ വാട്ടി പറ്റിച്ചത്
Mail This Article
കുമ്പളങ്ങിയിലെ കരിമീനും തിരുതയും കൊഞ്ചും കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്ന ഈ കാലഘട്ടത്തിൽ കുമ്പളങ്ങി സ്റ്റൈൽ കരിമീൻ വാട്ടി പറ്റിച്ചതാകട്ടെ നമ്മുടെ തീന്മേശകളിലെ പുതിയ രുചി. കേരളത്തിലെ ആദ്യത്തെ മോഡൽ ടൂറിസം വില്ലജ് ആയ എറണാകുളം ജില്ലയിലെ കുമ്പളങ്ങിയുടെ ഗ്രാമവിശുദ്ധി പേറുന്ന രുചി, മപ്പാസും മോളിയും മടുക്കുമ്പോൾ പെട്ടെന്ന് തയാറാക്കാവുന്ന രുചിക്കൂട്ട്. തീർച്ചയായും ട്രൈ ചെയ്യണം.
ചേരുവകൾ
- കരിമീൻ - 500 ഗ്രാം (2 എണ്ണം)
- മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
- നാരങ്ങാ നീര്- ഒരു നാരങ്ങയുടേത്
- ഉപ്പ് - ആവശ്യത്തിന്
ചതച്ച മസാല
ചുവന്നുള്ളി - അര കപ്പ്
വെളുത്തുള്ളി - 12 അല്ലി
പച്ചമുളക് - 4 എണ്ണം
വറ്റൽ മുളക് - 4 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ - 50 മില്ലി
കറിവേപ്പില - ഒരു തണ്ട്
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
കുടംപുളി - 2
തേങ്ങയുടെ രണ്ടാം പാൽ - ഒരു കപ്പ്
തേങ്ങയുടെ ഒന്നാം പാൽ - അര കപ്പ്
തയാറാക്കുന്ന വിധം വിഡിയോ കാണാം
- കരിമീൻ വൃത്തിയാക്കി കഴുകി, ഇരു വശവും വരഞ്ഞു വയ്ക്കുക.
- മഞ്ഞൾപ്പൊടിയും ഉപ്പും നാരങ്ങാ നീരും ചേർത്ത് മീനിൽ പുരട്ടി അര മണിക്കൂർ റെഫ്രിജറേറ്ററിൽ സൂക്ഷിക്കുക.
- ചതച്ച മസാലയ്ക്കു വേണ്ട ചേരുവകൾ ഒരു മിക്സിയിലിട്ട് പൾസ് ചെയ്തു ചതച്ചു വയ്ക്കുക.
- കുടംപുളി ഒരു അര കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
- പാനിൽ രണ്ടു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കരിമീൻ ഇട്ടു ഇരുവശവും വേഗത്തിൽ ഒന്ന് മോരിച്ചു മാറ്റി വയ്ക്കുക.
- ഇതേ പാനിൽ കറിവേപ്പിലയും ചതച്ച മസാലയും ചേർത്തു ചെറു തീയിൽ നിറം മാറാതെ വഴറ്റുക. അതിലേക്കു മഞ്ഞൾപ്പൊടിയിട്ടു ഇളക്കി കുടംപുളിയും കുടംപുളിയിട്ട വെള്ളമൊഴിച്ചു ചെറുതായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തു മൊരിച്ചു വച്ചിരിക്കുന്ന കരിമീൻ അതിലേക്കിറക്കി, തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചു ചെറുതീയിൽ വേവിക്കുക. ചാറ് കുറുകുമ്പോൾ ഒന്നാം പാലും ചേർത്തിളക്കി ചൂടാക്കി ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയുമൊഴിച്ചു വാങ്ങുക.
- ചൂടോടെ അപ്പത്തിനൊപ്പമോ ചോറിനൊപ്പമോ വിളമ്പാം.
English Summary : Kumbalangi is synonymous with authentic Kerala coastal cuisine.