വിഷുവിനൊരുക്കാം, അരി അരച്ചു കാച്ചിയ പായസം
Mail This Article
വടക്കൻ കേരളത്തിൽ ബ്രാഹ്മണ ഇല്ലങ്ങളിൽ പിറന്നാളിന് ഉണ്ടാക്കുന്ന സ്‌പെഷൽ പായസ രുചിയാണിത്. ദ്രാവകാവസ്ഥയിൽ ഉള്ള മറ്റു പായസങ്ങൾ വച്ചു നോക്കുമ്പോൾ കാഴ്ചയിലും രൂപത്തിലും രുചിയിലും വ്യത്യസ്തമാണ്. വളരെ കുറച്ചു ചേരുവകൾ വച്ച് വേഗം ഉണ്ടാക്കാവുന്ന പായസം ആണിത്.
ചേരുവകൾ
- പച്ചരി – ½ ഗ്ലാസ്
- വെള്ളം – 2 ഗ്ലാസ്
- ചിരകിയ തേങ്ങ – ½ ബൗൾ
- ശർക്കര – 1 ബൗൾ
- ഉപ്പ് - 1/2 ടീ സ്പൂൺ
തയാറാക്കുന്ന വിധം
അര ഗ്ലാസ് അരിയിൽ വെള്ളം ഒഴിച്ചു കുതിരാൻ ഒരു മണിക്കൂർ എങ്കിലും വയ്ക്കുക. അതിനു ശേഷം അരി കഴുകി മിക്സിയുടെ ജാറിൽ ഇട്ട് അര ഗ്ലാസ് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. തരിയായി അരച്ച് എടുക്കാൻ ശ്രദ്ധിക്കണം.
അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേയ്ക്ക് ഒന്നര ഗ്ലാസ് വെള്ളം ചേർക്കുക. ശർക്കര, ചിരകിയ തേങ്ങ, ഉപ്പ് എന്നിവയും ചേർത്തു സ്റ്റൗവിൽ വച്ച് ഇളക്കി കൊണ്ടു തിളപ്പിയ്ക്കുക. തിളപ്പിച്ച് കൊണ്ടിരിയ്ക്കുമ്പോൾ കട്ടിയായി വരും. തീ ഓഫ് ആക്കി വയ്ക്കുക. തണുക്കുമ്പോൾ പായസം ഐസ്ക്രീം പരുവത്തിലായി വരും.
ഈ പായസം സാധാരണ പായസങ്ങൾ പോലെ ദ്രാവക പരുവത്തിൽ അല്ല ഉണ്ടാവുന്നത്. സ്പൂൺ ഉപയോഗിച്ച് കോരി കഴിയ്ക്കാം.
Content Summary : Rice batter payasam for vishu.