മഴവെള്ളം മദ്യമാക്കുന്ന ‘മാജിക്’; ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയും ഇന്ത്യയിൽ; ആഹാ, ഇൻഡ്രി, ചിറാപ്പുഞ്ചി!
Mail This Article
ഇൻഡ്രി, ചിറാപ്പുഞ്ചി..! എത്ര മനോഹരമായ പേരുകൾ അല്ലേ. ഇൻഡ്രിയെന്നു കേൾക്കുമ്പോൾ അഭിമാനവും ചിറാപ്പുഞ്ചിയെന്നു കേൾക്കുമ്പോൾ മഴത്തണുപ്പും ഫീൽ ചെയ്യുന്നില്ലേ. നനുനനുത്ത മഴയിൽ കുളിരുമ്പോഴുള്ളൊരു ചെറുതരി സുഖമുണരുന്നില്ലേ. ഈ പേരുകൾ പേരുകേട്ട രണ്ടു മദ്യ ബ്രാൻഡുകളാണെന്നു കേൾക്കുമ്പോൾ മദ്യപ്രണയികളുടെ മനസ്സിൽ നിറയുന്നുണ്ട് പിന്നെയും പിന്നെയും ലഹരിക്കുമിളകൾ. ലോകത്തിന് ഇന്ത്യയുടെ സംഭാവനയായി അവതരിപ്പിക്കപ്പെട്ട വ്യത്യസ്തമായ രണ്ടു ബ്രാൻഡുകളാണ് ഇൻഡ്രിയും ചിറാപ്പുഞ്ചിയും. 2023ൽ ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡ്രിയും ചിറാപ്പുഞ്ചിയുടെ മഴയെ കുപ്പിയിലാവാഹിച്ച ചിറാപ്പുഞ്ചി എന്ന ജിന്നും ലോകത്തിനു മുന്നിൽ ഇന്ത്യ ആഹ്ലാദത്തോടെ ചിയേഴ്സ് പറയുന്ന അപൂർവാനുഭവത്തിന്റെ മായികത പകരുന്നു. ലോകശ്രദ്ധയാകർഷിച്ച അമൃത് എന്ന വിസ്കിക്കു ശേഷം ലോകത്തിന്റെ നാവിനെ കീഴടക്കിയ മറ്റൊരവതാരമാണ് ഇൻഡ്രിയെന്നു പറയാം. ചിറാപ്പുഞ്ചിയാകട്ടെ ആ സ്ഥലത്തിന്റെ പേരുപോലെത്തന്നെ അത്യപൂർവതയുള്ള ഒരു രുചിക്കൂട്ടും.