പഴയിടം പറയുന്നു: ‘കലോത്സവ പാചകം സൗജന്യമായി ചെയ്തിട്ടും ഒറ്റപ്പെടുത്തി; മുൻപില്ലാതിരുന്ന ഒരു ഭയം ഇപ്പോഴുണ്ട്; നോൺ വെജ് പറ്റാത്തതിന് കാരണവുമുണ്ട്..’
Mail This Article
2022ൽ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സമയത്ത് അരങ്ങേറിയ നോൺ വെജ് വിവാദത്തിനു പിന്നാലെ ഇനി സ്കൂൾ ഊട്ടുപുരകളിലേക്ക് ഇല്ല എന്നു പഴയിടം മോഹനൻ നമ്പൂതിരി തീരുമാനിച്ചിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം തീരുമാനം മാറ്റി. തുടർന്ന് എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേള, സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം തുടങ്ങി സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുന്നോടിയായി നടന്ന കലാമേളകൾക്കെല്ലാം ഭക്ഷണമൊരുക്കിയത് പഴയിടവും സംഘവുമായിരുന്നു. മാത്രമല്ല 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്തു നടക്കുന്ന ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും പഴയിടം ഒരുക്കുന്ന രുചിക്കൂട്ട് കൗമാര കലാകാരന്മാരെ തേടിയെത്തും. സത്യത്തിൽ കലോത്സവ വേദികളുടെ ഭാഗമാണ് പഴയിടം എന്ന നാലക്ഷരം. ഉപ്പില്ലാത്ത കറിയില്ലെന്നതു പോലെ പഴയിടം ഇല്ലാതെ എന്തു കലോത്സവം. അണിയറയിൽ കുട്ടികൾ ചിലങ്ക അണിയുമ്പോൾ ഊട്ടുപുരയിൽ അടുപ്പു കൂട്ടാതിരിക്കാൻ മോഹനൻ നമ്പൂതിരിക്കു കഴിയില്ലെന്നതാണു യാഥാർഥ്യം. ഒരുപക്ഷേ കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തെ വീട്ടിൽ ചെറിയ തോതിൽ ആരംഭിച്ച പാചകത്തിൽനിന്ന് ഇന്ന് കേരളത്തിലെ വിവിധ ഇടങ്ങളിൽ റസ്റ്ററന്റുകൾ തുറക്കുന്ന ബ്രാൻഡ് എന്ന നിലയിലേക്ക് പഴയിടം വളർന്നതിന്റെ പിന്നിലും ഈ അർപ്പണബോധമാകും. ആ അർപ്പണ ബോധമാണ് ഇന്ന് വിേദശങ്ങളിലടക്കം സദ്യകൾക്കും മറ്റും നേതൃത്വം നൽകുന്നതിലേക്കും വഴിതെളിച്ചത്. കാറ്ററിങ് ചെയ്യുന്നവർ ഒട്ടേറെയുള്ള കേരളത്തിൽ എന്താണ് പഴയിടത്തെ വേർതിരിച്ചു നിർത്തുന്നത്? കലോത്സവത്തിൽ നോൺ വെജ് വിളമ്പണമെന്നതു സംബന്ധിച്ച വിവാദം അദ്ദേഹത്തെ ബാധിച്ചത് എങ്ങനെയാണ്? പിന്നീട് തീരുമാനം മാറ്റി കലോത്സവ വേദിയിലേക്ക് തിരിച്ചു വരാൻ എന്തായിരുന്നു കാരണം? നല്ല ഭക്ഷണം എന്നാൽ വെജിറ്റേറിയൻ ഭക്ഷണമാണോ? സസ്യേതര ഭക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമെന്താണ്? ഊട്ടുപുരയിലേക്ക് തിരിച്ചു വരുന്നതിനു മുൻപ് പഴയിടം മനസ്സിന്റെ കലവറ തുറക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ...