അണ്വായുധം, മിസൈൽ വിൽപന.. ആശങ്കയേറ്റി ഇറാന്റെ പുതുനേതൃത്വം: ലോകത്തിനു നേരെ വീണ്ടും ‘സംഘർഷമുന’?
Mail This Article
റഷ്യ– യുക്രെയ്ൻ, ഇസ്രയേൽ– ഹമാസ് സംഘർഷങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥയുടെ ഉൾപ്പെടെ നടുവൊടിച്ചു മുന്നേറുമ്പോഴായിരുന്നു ആ ആക്രമണം. 2024 ഏപ്രിൽ 13ന് രാത്രിയിൽ. അന്ന് മുന്നൂറിലേറെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്രയേലിനു നേരെ ഇറാൻ തൊടുത്തുവിട്ടത്. അതിനും രണ്ടാഴ്ച മുൻപ്, ഏപ്രിൽ ഒന്നിന്, സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു അത്. അന്നത്തെ ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടിരുന്നു. രഹസ്യ ഓപറേഷനുകളും സൈബർ ആക്രമണങ്ങളും നേരത്തേ നടത്തിയിട്ടുണ്ടെങ്കിലും ഇസ്രയേലിനു നേരെ ഇറാൻ പ്രത്യക്ഷത്തിൽ നടത്തുന്ന ആദ്യത്തെ ആക്രമണമായിരുന്നു ഏപ്രില്‍ 13നു രാത്രി ലോകം കണ്ടത്. അന്ന് ഇറാൻ ആഞ്ഞടിക്കുമ്പോൾ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെയും അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും മൗനാനുവാദമുണ്ടായിരുന്നു. ഇസ്രയേലിന്റെ ഭാഗത്തുനിന്നു ഉടനടി തിരിച്ചടിയുണ്ടാകുമെന്നും ലോകം പ്രതീക്ഷിച്ചു.