പണം കൈമാറ്റം പരാജയപ്പെട്ടോ? പിഴ സഹിതം തിരികെ കിട്ടും
Mail This Article
മുമ്പ് ബാങ്കിലൂടെ മാത്രം പണം കൈമാറ്റം ചെയ്തിരുന്നതെങ്കിൽ ഇന്നതിന് പല മാർഗങ്ങളുണ്ട്. എ ടി എം, കാര്‍ഡില്‍ നിന്ന് മറ്റൊരു കാര്‍ഡിലേക്ക് പണം മാറാവുന്ന കാര്‍ഡ് ട്രാന്‍സാക്ഷന്‍, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വ്യാപകമായതോടെ എത്തിയ വാലറ്റ് ട്രാന്‍സാക്ഷന്‍, ഓണ്‍ലൈന്‍ പണകൈമാറ്റം ഇങ്ങനെ പല രീതികളും ഇതിനായുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബാങ്കില്‍ പോകാതെ തന്നെ പണം കൈമാറാന്‍ ഈ രീതികളുപയോഗിക്കാം.
ഇടപാടുകള്‍ പരാജയപ്പെട്ടാലോ
എന്നാല്‍ അത്യാവശ്യമായി നമ്മള്‍ നടത്തുന്ന ഇത്തരം ഇടപാടുകള്‍ ചിലപ്പോഴെങ്കിലും പരാജയപ്പെടാറുണ്ട്. അക്കൗണ്ടില്‍ നിന്ന് പണം പോകുകയും ലക്ഷ്യത്തില്‍ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ. കാര്‍ഡ് ഇടപാടാണെങ്കിലും വാലറ്റിലൂടെയുള്ള പണക്കൈമാറ്റമാണെങ്കിലും ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാം. ഇങ്ങനെ എടിഎം, കാര്‍ഡ്, വാലറ്റ്, ഓണ്‍ലൈന്‍ പണക്കൈമാറ്റം നടത്തുമ്പോള്‍ ലക്ഷ്യത്തിലെത്താതെ വന്നാല്‍ ബാങ്ക് അതിന് ഉത്തരവാദിയായിരിക്കും. സമയ പരിധിക്കുള്ളില്‍ ഇത് പരിഹരിച്ചില്ലെങ്കില്‍ ആര്‍ ബി ഐ ചട്ടമനുസരിച്ച്് നഷ്ടപരിഹാരം നല്‍കാനും ബാങ്ക് ബാധ്യസ്ഥമാണ്. ദിവസം 100 രൂപ എന്ന നിരക്കിലാണ് ആര്‍ ബി ഐ നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്.
വാലറ്റ്
ഇന്ന് ജനങ്ങള്‍ സര്‍വസാധാരണമായിട്ട് ഉപയോഗിക്കുന്നതാണ് വാലറ്റ് പണക്കൈമാറ്റം. പുതിയ ആര്‍ ബി ഐ നിര്‍ദേശത്തോടെ പണക്കൈമാറ്റം എല്ലാ വാലറ്റുകള്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇങ്ങനെ ഒരു വാലറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് പണം കൈമാറുമ്പോള്‍ പരാജയപ്പെട്ടാല്‍ സെറ്റില്‍മെന്റിന്് അനുവദിക്കപ്പെട്ടിരിക്കുന്ന ദിവസം രണ്ടാണ്.
കാര്‍ഡ്
കാര്‍ഡില്‍ നിന്ന് കാര്‍ഡിലേക്കുള്ള പണകൈമാറ്റത്തില്‍ പണം പോകുകയും ഗുണഭോക്തൃ കാര്‍ഡിലേക്ക് എത്താതിരിക്കുകയും ചെയ്താല്‍ രണ്ട് പ്രവൃത്തി ദിനത്തിനുള്ളില്‍ പണം തിരികെ എത്തിയിരിക്കണമെന്നാണ് നിയമം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ദിവസം 100 രൂപ വീതം നഷ്ടപരിഹാരം ബാങ്ക് നഷ്ടപരിഹാരം നല്‍കണം.
ഓണ്‍ലൈന്‍
ഓണ്‍ലൈന്‍ ഇടപാടാണെങ്കില്‍ അക്കൗണ്ടില്‍ നിന്ന് പണമീടാക്കുകയും ലക്ഷ്യം കാണാതിരിക്കുകയും ചെയ്താല്‍ രണ്ട് പ്രവൃത്തി ദിനത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടില്‍ എത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഇനി ഏതെങ്കിലും കച്ചവടകേന്ദ്രത്തില്‍ യുപി ഐ ഇടപാടാണെങ്കില്‍ ആറ് ദിവസമാണ് ഇങ്ങനെ നഷ്ടമായ പണം അക്കൗണ്ടില്‍ തിരിച്ചെത്താന്‍ അനുവദിച്ചിരിക്കുന്ന സമയം. അതു കഴിഞ്ഞാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
എ ടി എം
എടിഎം ല്‍ പണമിടപാടില്‍ പണം അക്കൗണ്ടില്‍ നിന്ന് കുറഞ്ഞതായി സന്ദേശം ലഭിക്കുകയും എന്നാല്‍ മെഷീന്‍ നോട്ടുകള്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ അടുത്ത അഞ്ച് പ്രവൃത്തി ദിനത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നുണ്ട്. അല്ലെങ്കില്‍ ദിവസം 100 രൂപ വീതം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
കച്ചവടകേന്ദ്രങ്ങളിലാണെങ്കില്‍ കാര്‍ഡില്‍ നിന്ന് പണം നഷ്ടമാകുകയും കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കാതിരിക്കുകയും ചെയ്താല്‍ തിരികേ അഞ്ച് ദിവസത്തിനുളളില്‍ പണം അക്കൗണ്ടിലെത്തിയിരിക്കണം.
English Summary : If You Lost Money through a Faild Transaction will Get it Back with Fine