ADVERTISEMENT

30 വർഷമായി ഉൽപാദന വിതരണരംഗത്തു പ്രവർത്തിക്കുന്ന ഒരു പ്രവാസി സംരംഭകന്റെ കഥയാണിത്. വീട്ടിലെ ചായ്പിൽ നിന്നായിരുന്നു ഷിഹാബ് വലിയകത്ത് എന്ന സംരംഭകന്റെ തുടക്കം. ഇന്ന് സ്വദേശത്തും വിദേശത്തും ഉൾപ്പെടെ കോടികളുടെ ബിസിനസ്, അറുപതിൽപരം ഉൽപന്നങ്ങൾ, 40 ജീവനക്കാർ എന്ന നിലയിൽ ഷിഹാബിന്റെ 'Taste One' വളർന്നു. പാലക്കാട് വടക്കാഞ്ചേരി ഉൾപ്പെടെ നാലു കേന്ദ്രങ്ങളിലാണ് ഉൽപാദനം നടക്കുന്നത്.

എന്താണു ബിസിനസ്? 

അറുപതോളം വെറൈറ്റി ചിപ്സുകളും സ്നാക്സുകളുമാണ് ടേസ്റ്റ് വൺ നിർമിച്ചു വിൽക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ഫ്ലേവറുകൾ ചേർത്താണ് ഉൽപാദനം. 

കപ്പ, ചക്ക, ഏത്തക്കായ, ചേമ്പ്. േചന, മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, റോബസ്റ്റ, പാവക്ക, കടച്ചക്ക, കാരറ്റ് എന്നിങ്ങനെ നീളുന്നു ചിപ്സുകളുടെ നിര. ഇവ തന്നെ ഒട്ടനവധി ഷേപ്പിലും ഫ്ലേവറുകളിലും ലഭ്യമാണ്. അരി,റാഗി, കടലമാവ്, ഉഴുന്ന് എന്നിവയിൽ നിർമിക്കുന്ന മുറുക്ക്, മികസ്ചർ, പക്കാവട തുടങ്ങിയ സ്നാക്സ് ഐറ്റംസുമുണ്ട്.  

വീട്ടിൽ തുടക്കം

കർഷക കുടുംബത്തിൽ ജനിച്ച ഷിഹാബിന്റെ ബിസിനസ് തുടങ്ങുന്നത് തൃശൂർ തളിക്കുളത്തെ   വീട്ടിൽനിന്നാണ്. വീട്ടിലെ ചായ്പിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി സാധാരണ ചിപ്സ് ഇനങ്ങൾ ഉണ്ടാക്കി വിൽക്കുകയായിരുന്നു. ക്രമേണ ആവശ്യക്കാർ കൂടിവന്നു.

നാല് ഉൽപാദന കേന്ദ്രങ്ങൾ കൂടാതെ ഇന്ന് ഏതാനും ഔട്‌ലറ്റുകളും ടേസ്റ്റ് വണ്ണിന്റേതായി കേരളത്തിലുണ്ട്. 30 ലക്ഷം രൂപയോളം വരുന്ന മെഷിനറികളാണ് ഉപയോഗിക്കുന്നത്. ബനാന സ്ലൈസർ, ടപ്പിയോക്ക സ്ലൈസർ, ഹൈഡ്രോളിക് മിക്സിങ് മെഷീൻ, സീസണിങ് മെഷീൻ, പാക്കേജിങ് മെഷിൻ എന്നിവയാണ് പ്രധാന മെഷിനറികൾ. വർഷത്തിൽ പതിനൊന്നു കോടിയോളം രൂപയുടെ കച്ചവടമാണു നടക്കുന്നത്. 15 മുതൽ 25% വരെ അറ്റാദായവും ലഭിക്കുന്നു. ഒരു ബേക്കറി സംരംഭം തുടങ്ങാനായിരുന്നു ആദ്യ പ്ലാൻ. എന്നാൽ, ചിപ്സിനാണ് കൂടുതൽ സാധ്യത എന്നു മനസ്സിലാക്കിയാണ് അതിലേക്കു തിരിഞ്ഞതെന്ന് ഷിഹാബ് പറയുന്നു.

പ്രാദേശിക കർഷകരിൽനിന്നു സംഭരണം

അസംസ്കൃത വസ്തുക്കള്‍ പ്രധാനമായും സംഭരിക്കുന്നത് പ്രാദേശിക കർഷകരിൽനിന്നാണ്.   ഇവ ലഭ്യമാക്കുന്നതിന് കർഷക കൂട്ടായ്മകൾ ഉണ്ടാക്കിയിട്ടുണ്ട്. 40 രൂപ കിലോഗ്രാമിനു നൽകിയാണ് മികച്ച ഇനം കപ്പ കർഷകരിൽനിന്നു നേരിട്ടു സംഭരിക്കുന്നത്. നാടൻ ഏത്തക്കായ  വാങ്ങുന്നത് കിലോയ്ക്ക് സ്ഥിരമായി 50 രൂപ നൽകിയാണ്. ചേന,ചേമ്പ്, പാവക്ക, മധുരക്കിഴങ്ങ്, കടച്ചക്ക തുടങ്ങിയവയും പ്രാദേശികമായി ലഭിക്കുന്നു. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ഊട്ടിയിൽനിന്നുമാണ് വാങ്ങുന്നത്. 

സവിശേഷതകൾ

∙ വെളിച്ചെണ്ണയിലാണ് പ്രധാനമായും പാചകം. 10% ഉൽപന്നങ്ങൾക്ക് പാമോയിൽ ഉപയോഗിക്കുന്നു.

∙ചേമ്പ്,ചേന, പാവയ്ക്ക എന്നിവകൊണ്ടുള്ള ഉൽപന്നങ്ങൾ വിദേശ വിപണിയിലേക്കാണ് പോകുന്നത്. 

∙ ഉൽപാദനം നടത്തിയാൽ ഏഴു ദിവസത്തിനകം വിൽപനകേന്ദ്രത്തിൽ എത്തുന്ന വിധമാണ് വിതരണ സംവിധാനം.

∙ ക്രെഡിറ്റ് കച്ചവടം അൽപംപോലും നടത്തുന്നില്ല.

ഖത്തർ കേന്ദ്രമാക്കി കയറ്റുമതികൾ

ഖത്തർ കേന്ദ്രീകരിച്ച് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമാണ് കയറ്റുമതി നടത്തുന്നത്. പ്രധാന വരുമാനം കയറ്റുമതിയിൽനിന്നു തന്നെയാണ്. ഗ്രീൻ കേരള മാർക്കറ്റിങ് ഇംപക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് കയറ്റുമതി.

40 രൂപ മുതൽ 500 രൂപ വരെ കിലോഗ്രാമിനു വിലവരുന്നവയാണ് ചിപ്സ് / സ്നാക്സ് ഇനങ്ങൾ.  ഇത്തരം ഉൽപന്നങ്ങൾ മികച്ചതാണെങ്കിൽ മെച്ചപ്പെട്ട വിദേശ വിപണി നേടാമെന്നാണ് ഷിഹാബിന്റെ വിലയിരുത്തൽ. ‘ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളുമായി ഒട്ടേറെ കമ്പനികൾ വരികയും വന്ന വേഗത്തിൽ തന്നെ പൂട്ടിപ്പോവുകയും ചെയ്തിട്ടുണ്ട്’–ഷിഹാബ് പറയുന്നു.

അനുഭവസമ്പത്ത് നേട്ടമായി

1997ൽ ബികോം പാസായ ഷിഹാബ് കുറച്ചു വർഷങ്ങൾ ബേക്കറിയിലും ഹോട്ടലിലും ജോലി ചെയ്തിരുന്നു. ആ പരിചയം സ്വന്തം സംരംഭത്തിൽ ഒട്ടേറെ ഗുണം ചെയ്തു. ടേസ്റ്റ് വണ്ണിന്റെ പ്രവർത്തനങ്ങളിൽ ഷിഹാബിന് സഹായിയായി ഭാര്യ ഫാത്തിമ സുഹറയുമുണ്ട്. മക്കളായ സന ഫാത്തിമ, മുഹമ്മദ് റിയാൻ, ഹന ഫാത്തിമ എന്നിവർ സ്കൂൾ വിദ്യാർഥികളാണ്.

ആഗോള വിപണിയിൽ ടേസ്റ്റ് വണ്ണിന്റെ സാന്നിധ്യം വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഷിഹാബ്. 

പുതുസംരംഭകരോട് 

രണ്ടു ലക്ഷം രൂപയുണ്ടെങ്കിൽ നിങ്ങൾക്കും ഈ ബിസിനസ് തുടങ്ങാം. രണ്ടു വർഷത്തിനുള്ളിൽ ലാഭകരമാക്കാൻ പറ്റും. 25% എങ്കിലും അറ്റാദായം പ്രതീക്ഷിക്കുകയും ചെയ്യാം. കാരണം, നാടൻ ഉൽപന്നങ്ങൾക്ക് േദേശീയ- അന്തർദേശീയ തലത്തിൽ വലിയ ഡിമാൻഡ് എക്കാലത്തും ഉണ്ട്. അസംസ്കൃതവസ്തു തിരഞ്ഞെടുക്കുന്നത് മുതൽ ഉൽപന്നം ഉപയോക്താക്കളുടെ കയ്യിൽ എത്തുന്നതുവരെ നിങ്ങളുടെ ശ്രദ്ധ ആവശ്യമാണ്. മേഖലയിൽ പരിചയം നേടുന്നതിനൊപ്പം നൈപുണ്യമുള്ള തൊഴിലാളികളെയും കണ്ടെത്തണം. ബിസിനസ് തുടങ്ങുന്നതിന് മുൻപു തന്നെ വിപണിയെക്കുറിച്ചും നല്ല ധാരണയും ഉണ്ടായിരിക്കണം. 

English Summary:

Success Story of a Chips Making Unit in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com