വ്യവസായ വകുപ്പിനു കീഴിൽ വാണിജ്യ വിഭാഗം

Mail This Article
തിരുവനന്തപുരം ∙ വ്യാപാരി സമൂഹം ഉൾപ്പെടുന്ന സംസ്ഥാനത്തെ വാണിജ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായ വകുപ്പിനു കീഴിൽ വാണിജ്യ വിഭാഗവും വ്യവസായ–വാണിജ്യ ഡയറക്ടറേറ്റിൽ പ്രത്യേക ഡിവിഷനും രൂപീകരിക്കും. വാണിജ്യ വകുപ്പ് രൂപീകരിക്കുന്നതിനു മുന്നോടിയായാണ് മന്ത്രിസഭാ തീരുമാനം. നവകേരള സദസ്സിലും വ്യാപാരി സംഘടനകളുമായുള്ള ചർച്ചകളിലും വാണിജ്യത്തിനു പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യമുയർന്നിരുന്നു. ഉദ്യോഗസ്ഥരെ പുനഃക്രമീകരണത്തിലൂടെ നിയമിക്കുമെന്നതിനാൽ അധിക സാമ്പത്തിക ബാധ്യതയില്ലെന്നു സർക്കാർ പറയുന്നു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി–1, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെടും. നിലവിൽ രണ്ടു പ്രിൻസിപ്പൽ സെക്രട്ടറിമാരാണ് വ്യവസായ വകുപ്പിലുള്ളത്. ഐഎഎസ് കേഡറിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സ്പെഷൽ ഓഫിസർ കൊമേഴ്സ് ആയും നിയമിക്കും. വാണിജ്യ വിഭാഗത്തിനു മാത്രമായി ഡയറക്ടറേറ്റിൽ ഒരു ജോയിന്റ് ഡയറക്ടർ, ഒരു ഡപ്യൂട്ടി ഡയറക്ടർ, രണ്ടു ക്ലാർക്ക് എന്നിവരുണ്ടാകും.
ജില്ലകളിൽ വ്യവസായ കേന്ദ്രം മാനേജരുടെ സമാന തസ്തികയിൽ ഓരോ ഡപ്യൂട്ടി ഡയറക്ടർ, ഓരോ ക്ലറിക്കൽ സ്റ്റാഫ് എന്നിവരുമുണ്ടാകും. വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് സെക്രട്ടേറിയറ്റിൽ വ്യവസായ വകുപ്പിനു കീഴിൽ ഒരു അണ്ടർ സെക്രട്ടറിയെക്കൂടി നിയോഗിക്കും.
എംഎസ്എംഇ ആനുകൂല്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കും
തിരുവനന്തപുരം ∙ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) നൽകുന്ന ആനുകൂല്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കും നൽകുമെന്നു മന്ത്രി പി.രാജീവ്. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് എംഎസ്എംഇകൾക്കുള്ള നാലു ശതമാനം പലിശനിരക്ക് വ്യാപാരമേഖലയ്ക്കും ബാധകമാക്കും. വ്യാപാര സ്ഥാപനങ്ങളെയെല്ലാം ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരും. പ്രീമിയത്തിന്റെ പകുതി സർക്കാർ അടയ്ക്കും. ഇതിനായി നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു. മികച്ച സംരംഭത്തിനുള്ള അവാർഡ് എംഎസ്എംഇ മേഖലയിലെന്ന പോലെ വ്യാപാരമേഖലയിലും നൽകും.
സാമ്പത്തിക സഹായം, സാങ്കേതികവിദ്യ, ശേഷീവികസനം, വിദേശ വ്യാപാരമേളകളിലെ പങ്കാളിത്തം എന്നിവയിലൂടെ സംസ്ഥാനത്തെ ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുകയാണു പ്രത്യേക വാണിജ്യ വിഭാഗം ആംരംഭിക്കുന്നതിന്റെ ഉദ്ദേശ്യം. സംസ്ഥാനതല ബാങ്കിങ് സമിതിയുടെ ഡിസംബർ വരെയുള്ള കണക്കു പ്രകാരം 81,000 കോടി രൂപയാണ് എംഎസ്എംഇ മേഖലയിൽ ഈ സാമ്പത്തിക വർഷം വായ്പ നൽകിയത്. സംരംഭങ്ങൾ വർധിച്ചതുമൂലമാണ് ഈ കുതിച്ചുചാട്ടം. വായ്പ വാങ്ങിയ എംഎസ്എംഇകളിൽ വ്യാപാര സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം 14 ശതമാനമായിരുന്നെങ്കിൽ ഈ വർഷം 29 ശതമാനമായിട്ടുണ്ട്. കേരളത്തിലെ വ്യവസായ നേട്ടങ്ങൾ ഇവിടുത്തെ മാധ്യമങ്ങൾക്കു പരിചയപ്പെടുത്താൻ പ്രധാന സ്ഥാപനങ്ങളിലേക്ക് മീഡിയ ടൂർ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.