ഫ്ലൈറ്റ് കിച്ചൻ ശൃംഖലയിൽ കേരള കമ്പനി ഒന്നാമത്

Mail This Article
കൊച്ചി∙ ഇന്ത്യയിലാകെ ഏറ്റവും കൂടുതൽ നഗരങ്ങളിൽ നിന്നു വിമാനത്തിൽ ഭക്ഷണം വിളമ്പുന്നതിൽ കേരള കമ്പനി ഒന്നാം സ്ഥാനത്ത്. 11 നഗരങ്ങളിൽ കസിനോ എയർ ആൻഡ് ഫ്ലൈറ്റ് സർവീസസ് (കാഫ്സ്) എത്തിയതോടെ 9 നഗരങ്ങളിലുള്ള താജ് സാറ്റ്സ് രണ്ടാം സ്ഥാനത്തായി. ഹൈദരാബാദ് വിമാനത്താവളത്തിലെ കേറ്ററിങ് കൂടി ഏറ്റെടുത്തതോടെയാണിത്. 400 കോടി രൂപ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ കാഫ്സ് 500 കോടി അടുത്തവർഷം ലക്ഷ്യം വയ്ക്കുന്നു.
കാഫ്സിനെ ദക്ഷിണേന്ത്യയിലെ വന്ദേഭാരത് ട്രെയിനുകളിൽ ഭക്ഷണം വിളമ്പാൻ റെയിൽവേ ക്ഷണിച്ചിട്ടുണ്ട്.
എന്നാൽ വൻനഗരങ്ങളിൽ വിമാന സർവീസുകൾ കൂടുതലാണെന്നതിനാൽ താജും ഒബ്റോയിയും ഭക്ഷണ പാക്കറ്റുകളുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. മൂന്നാം സ്ഥാനത്തുള്ള കാഫ്സ് ദിവസം 60,000ൽ ഏറെ ഭക്ഷണ പാക്കറ്റുകൾ (മീൽസ്) എല്ലാ ക്ലാസുകളിലുമായി നൽകുന്നു.
ലുഫ്താൻസ, ബ്രിട്ടിഷ് എയർവേയ്സ്, ഒമാൻ എയർ, ഗൾഫ് എയർ, ഖത്തർ എയർവേയ്സ് തുടങ്ങിയ വിദേശ വിമാനക്കമ്പനികളും, എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര ഉൾപ്പെടെ ഇന്ത്യൻ വിമാനങ്ങളും കാഫ്സിന്റെ ഭക്ഷണമാണു യാത്രക്കാർക്കു നൽകുന്നത്. കേരളത്തിനു പുറമേ പുണെ, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പുർ, കോയമ്പത്തൂർ, മംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽ കേറ്ററിങ് നടത്തുന്നുണ്ട്. സിയാലിന്റെ തുടക്കം മുതൽ യാത്രക്കാർക്കു ഭക്ഷണം നൽകുന്നു.
80% നോൺവെജ്
കേരളത്തിൽ നിന്നുള്ള വിമാനങ്ങളിലെ ഭക്ഷണത്തിൽ 80% നോൺവെജ്. ഉത്തരേന്ത്യയിലാവുമ്പോൾ 60% നോൺ വെജും ബാക്കി വെജുമാണ്. എന്നാൽ സീസൺ അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.