ADVERTISEMENT

ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ യോജന) പദ്ധതിയിലെ ആനുകൂല്യം ഇക്കുറി ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കും.

നിലവിൽ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് പ്രതിവർഷം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുന്നത്. ഇത് 8,000 രൂപയോ 10,000 രൂപയോ ആയി ഉയർത്തിയേക്കാമെന്നാണ് വിലയിരുത്തലുകൾ.

INDIA-ECONOMY-AGRICULTURE

പിഎം കിസാനിൽ അംഗങ്ങളായി കേരളത്തിൽ നിന്ന് 23.4 ലക്ഷം പേരുണ്ട്. അയൽസംസ്ഥാനമായ തമിഴ്നാട്ടിലേതിനേക്കാൾ (20.96 ലക്ഷം പേർ) കൂടുതൽ പേർ കേരളത്തിൽ നിന്നുണ്ടെന്നതും ശ്രദ്ധേയം.

ജൂലൈ 23നാണ് ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. ഗ്രാമീണ മേഖലയിൽ ഉപഭോഗം വർധിപ്പിച്ച്, സാമ്പത്തിക വളർച്ചയ്ക്ക് ഉണർവ് പകരാനായി പിഎം കിസാൻ ആനുകൂല്യം ഉയർത്താൻ നിർമല തയ്യാറാകുമെന്നാണ് കരുതുന്നത്. ഇടക്കാല ബജറ്റിന് മുമ്പും ഇത് പ്രതീക്ഷിച്ചിരുന്നെങ്കിലും കർഷകർക്ക് നിരാശയായിരുന്നു ഫലം.

മൂന്നാംവട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി, ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ തുക വിതരണം ചെയ്യാനുള്ള ഫയലിലായിരുന്നു. 2,000 രൂപ വീതം 9.3 കോടി കർഷകർക്ക് ലഭ്യമാക്കാൻ 20,000 കോടിയോളം രൂപ വകയിരുത്താനുള്ള ഫയലായിരുന്നു അത്. 100 ശതമാനവും കേന്ദ്രം പണം ചെലവിടുന്ന പദ്ധതിയാണ് പിഎം കിസാൻ.

ഇക്കുറി കേന്ദ്രത്തിന് നിർണായകം
 

400ലധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിലേറാമെന്ന പ്രതീക്ഷയോടെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎയ്ക്ക് 300ൽ താഴെ സീറ്റുകളാണ് കിട്ടിയത്. അനായാസം ജയിക്കുമെന്ന് പ്രതീക്ഷിച്ച ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കനത്ത  തിരിച്ചടി നേരിട്ടു. കർഷക രോഷമാണ് ഇവിടങ്ങളിൽ തിരിച്ചടിച്ചത്.

INDIA-AGRICULTURE-FARMERS-PROTEST

ഈ സാഹചര്യത്തിൽ, കർഷകരെ സന്തോഷിപ്പിക്കാനായി ബജറ്റിൽ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ സർക്കാർ ഉറപ്പാക്കിയേക്കും. മഹാരാഷ്ട്രയും ഉത്തർപ്രദേശും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണെന്നതും നിർമല പരിഗണിച്ചേക്കും.

ധനക്കമ്മി നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ പ്രതീക്ഷിച്ചതിലും കുറവായിരുന്നു എന്നതും റിസർവ് ബാങ്കിൽ നിന്ന് 2.11 ലക്ഷം കോടി രൂപയുടെ ബമ്പർ ലാഭവിഹിതം കിട്ടിയതും ബജറ്റിനെ ജനപ്രിയമാക്കാൻ സർക്കാരിന് മുമ്പിലുള്ള അനുകൂല ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. ഇടക്കാല ബജറ്റിൽ പിഎം കിസാൻ പദ്ധതിക്കായി 60,000 കോടി രൂപയാണ് നിർമല നീക്കിവച്ചത്. സമ്പൂർണ ബജറ്റിൽ തുക 80,000 കോടി രൂപയായി ഉയർത്തിയേക്കുമെന്നും സൂചനകളുണ്ട്.

ആരാണ് യോഗ്യർ?
 

കർഷകർക്ക് വരുമാന പിന്തുണയെന്നോണം 2018 ഡിസംബർ ഒന്നിന് കേന്ദ്രം അവതരിപ്പിച്ചതാണ് പിഎം കിസാൻ പദ്ധതി. രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ളവരാണ് ആനുകൂല്യത്തിന് അർഹർ.

kisan-credit1

ആദായ നികുതിദായകർ, ഭരണഘടനാ പദവി വഹിക്കുന്നവർ, ഡോക്ടർമാർ, എൻജിനിയർമാർ, സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, പ്രൊഫഷണൽ ആർക്കിടെക്റ്റുകൾ തുടങ്ങിയവർക്ക് പദ്ധതിയിൽ ചേരാനാവില്ല. പ്രതിമാസം 10,000 രൂപയിലധികം പെൻഷൻ വാങ്ങുന്നവരും അനർഹരാണ്.

English Summary:

Central Government's budget may increase PM Kisan benefits from Rs 6,000 to Rs 8,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com