ആരോഗ്യ ഇൻഷുറൻസിന്മേൽ 18% ജിഎസ്ടി; 3 വർഷം; പിരിച്ചത് 21,255 കോടി രൂപ
Mail This Article
ന്യൂഡൽഹി∙ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിന്മേൽ 3 വർഷത്തിനിടയ്ക്ക് ജിഎസ്ടി ആയി ഈടാക്കിയത് 21,255 കോടി രൂപ. കഴിഞ്ഞ വർഷം മാത്രം 8,262.94 കോടി രൂപയാണ് സർക്കാരിനു ലഭിച്ചത്.
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേൽ ചുമത്തിയിരിക്കുന്ന 18% ജിഎസ്ടി ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനുള്ളിൽ നിന്നും പ്രതിപക്ഷപാർട്ടികളിൽ നിന്നും ആവശ്യം ഉയരുന്നതിനിടെയാണ് ലോക്സഭയിൽ ധനമന്ത്രാലയം കണക്കവതരിപ്പിച്ചത്.
ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചതിനു പിന്നാലെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു.
ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി ധനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു.
ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേൽ നികുതി ഈടാക്കുന്നത് ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കുമേൽ നികുതി ചുമത്തും പോലെയാണെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് ഗഡ്കരി നിർമലയ്ക്ക് കത്തയച്ചത്.
3,273 കോടി രൂപയാണ് റീ–ഇൻഷുറൻസ് പ്രീമിയത്തിന്മേൽ 3 വർഷത്തിനിടെ ഈടാക്കിയ ജിഎസ്ടി.
ആരോഗ്യ ഇൻഷുറൻസ്: ജിഎസ്ടി തുക
2021-22: 5,354.28 കോടി രൂപ
2022-23 7,638.33 കോടി രൂപ
2023-24 8,262.94 കോടി രൂപ