പൊന്നിന് പിന്നെയും ചാഞ്ചാട്ടം; ഇന്ന് വില കുറഞ്ഞു, ഉറ്റുനോട്ടം ഇനി അമേരിക്കയിലേക്ക്
Mail This Article
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,555 രൂപയും പവന് 80 രൂപ കുറഞ്ഞ് 52,440 രൂപയുമായി. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപയും പവന് 760 രൂപയും കൂടിയിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതി, വീണ്ടും കടുക്കുന്ന റഷ്യ-യുക്രെയ്ൻ സംഘർഷം എന്നീ ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും രൂപയുടെ മൂല്യയിടിവുമാണ് ഇന്നലെ വിലവർധനയ്ക്ക് വഴിവച്ചതെങ്കിൽ ഇപ്പോൾ സമ്മർദ്ദമാകുന്നത് യുഎസിലെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ്.
18 കാരറ്റും വെള്ളിയും
വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 88 രൂപയിലാണ് വ്യാപാരം. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,420 രൂപയായി.
അമേരിക്കയിലേക്ക് കണ്ണുംനട്ട്
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ കഴിഞ്ഞമാസത്തെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ ഇന്ന് പുറത്തുവരും. പ്രധാനമായും പണപ്പെരുപ്പം വിലയിരുത്തിയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ പരിഷ്കരിക്കുന്നത്. കോവിഡിന് മുമ്പ് 0-0.25% ആയിരുന്ന പലിശനിരക്ക് കഴിഞ്ഞവർഷങ്ങളിൽ കുത്തനെ കൂട്ടി 5.25-5.50 ശതമാനമാക്കിയിരുന്നു. പണപ്പെരുപ്പം പരിധിവിട്ട് കൂടിയ പശ്ചാത്തലത്തിലായിരുന്നു ഇത്.
നിലവിൽ, പണപ്പെരുപ്പം കുറയുന്നത് പരിഗണിച്ച് സെപ്റ്റംബറോടെ പലിശനിരക്ക് കുറച്ചുതുടങ്ങുമെന്ന് ഫെഡറൽ റിസർവ് സൂചിപ്പിച്ചിരുന്നു. പണപ്പെരുപ്പം രണ്ട് ശതമാനമായി നിയന്ത്രിക്കുകയാണ് ഫെഡറൽ റിസർവിന്റെ ലക്ഷ്യം. ജൂണിൽ ഇത് 3 ശതമാനമായിരുന്നു. അതേസമയം, ജൂലൈയിലെ പണപ്പെരുപ്പക്കണക്ക് ഇന്ന് അറിയാമെന്നിരിക്കേ, നിക്ഷേപകർ കരുതലോടെ ഇടപെടുന്നതാണ് സ്വർണ വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്.
പണപ്പെരുപ്പം എങ്ങനെ സ്വർണത്തെ ബാധിക്കും?
പണപ്പെരുപ്പം കുറഞ്ഞാൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ യുഎസ് ഫെഡറൽ റിസർവ് തയാറാകും. പലിശനിരക്ക് കുറഞ്ഞാൽ ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) താഴും. അതോടെ, നിക്ഷേപകർ കടപ്പത്രത്തെ കൈവിട്ട് സ്വർണ നിക്ഷേപപദ്ധതികളിലേക്ക് പണം മാറ്റും. ഇത് സ്വർണ വില കൂടാനിടയാക്കും.
മറിച്ച്, പലിശനിരക്കും പണപ്പെരുപ്പവും ഉയർന്ന തലത്തിൽ തന്നെ തുടർന്നാൽ സ്വർണ നിക്ഷേപ പദ്ധതികൾക്ക് പ്രിയം കുറയും, സ്വർണ വില കുറയുകയും ചെയ്യും. ഇന്നലെ ഔൺസിന് 2,471 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില, ഇപ്പോഴുള്ളത് 2,461 ഡോളറിൽ. ഇതാണ്, കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്.
ഇന്നൊരു പവൻ ആഭരണ വില?
മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 56,855 രൂപ കൊടുത്താലായിരുന്നു ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകുമായിരുന്നത്. ഇന്നത് 56,769 രൂപയായി കുറഞ്ഞിട്ടുണ്ട്.