5 വർഷം; ഈ കേരളക്കമ്പനി ഓഹരി നിക്ഷേപകർക്ക് സമ്മാനിച്ചത് 7000% നേട്ടം!
Mail This Article
ഈ വർഷത്തിന്റെ തുടക്കത്തിലാണ് കേരളം ആസ്ഥാനമായ, കുട്ടികളുടെ വസ്ത്ര നിർമാതാക്കളായ പോപ്പീസ് ബേബി കെയർ ബോംബെ ഓഹരി വിപണിയിൽ (ബിഎസ്ഇ) ലിസ്റ്റ് ചെയ്ത അർച്ചന സോഫ്റ്റ്‌വെയർ എന്ന കമ്പനിയെ ഏറ്റെടുത്തുള്ള റിവേഴ്സ് മെർജറിലൂടെ ഓഹരി വിപണിയിൽ ചുവടുവച്ചത്. തുടർന്ന് പേര് പോപ്പീസ് കെയേഴ്സ് എന്നാക്കി.
കൃത്യം 5 വർഷം മുമ്പ് അർച്ചന സോഫ്റ്റ്‌വെയറിന്റെ (ഇപ്പോൾ പോപ്പീസ് കെയേഴ്സ്) ഓഹരി വാങ്ങിയവർക്ക്, അവരിപ്പോഴും അത് വിൽക്കാതെ കൈവശം വച്ചിട്ടുണ്ടെങ്കിൽ ലഭിച്ച നേട്ടം 7000 ശതമാനമാണെന്ന് ഓഹരി വിപണിയിലെ കണക്കുകൾ വ്യക്തമാക്കുന്നു.
5 വർഷം മുമ്പ് വെറും 1.47 രൂപവരെ താഴ്ന്ന ഓഹരി വില ഇപ്പോഴുള്ളത് റെക്കോർഡ് 161.30 രൂപയിൽ. അതായത്, നേട്ടം 7005%. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി ഉയർന്നത് 1634%. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം 50% മുന്നേറ്റവും പോപ്പീസ് ഓഹരി നടത്തി. 2024ൽ ഇതുവരെയുള്ള വളർച്ച 181 ശതമാനമാണ്. ഹ്രസ്വകാല നിക്ഷേപകർക്കും ദീർഘകാലമായി ഓഹരി കൈവശം വച്ചിരിക്കുന്നവർക്കും പോപ്പീസ് ഓഹരി മികച്ച നേട്ടം സമ്മാനിച്ചിട്ടുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
അതായത്, 5 വർഷം മുമ്പ് നിങ്ങൾ 1,000 രൂപയ്ക്ക് പോപ്പീസ് ഓഹരികൾ (അന്ന് അർച്ചന സോഫ്റ്റ്‌വെയർ) വാങ്ങിയിരുന്നു എന്ന് കരുതുക. ഒന്നിന് 1.47 രൂപ വച്ച് കണക്കാക്കിയാൽ 680 ഓഹരികൾ. ഇപ്പോഴത്തെ വില 161.30 രൂപ. അതായത് നിങ്ങളുടെ അന്നത്തെ 1,000 രൂപ നിക്ഷേപത്തിന്റെ മൂല്യം ഇപ്പോൾ 1.09 ലക്ഷം രൂപയായിട്ടുണ്ട്.
പോപ്പീസ് കെയേഴ്സ് ലിമിറ്റഡ്
കുഞ്ഞുകുട്ടികളുടെ ടി-ഷർട്ട്, ഷർട്ട്, പാന്റ്സ്, പാർട്ടി വെയർ, സ്ലീപ്പ് സ്യൂട്ട്സ് തുടങ്ങിയവ നിർമിച്ച് വിൽക്കുന്ന കമ്പനിയാണ് പോപ്പീസ്. മലപ്പുറമാണ് ആസ്ഥാനം. ഷാജു തോമസ് (മാനേജിങ് ഡയറക്‌ടർ), ലിന്റ പി. ജോസ് എന്നിവരാണ് മുഖ്യ പ്രൊമോട്ടർമാർ. കേരളത്തിലും ദക്ഷിണേന്ത്യയിലമായി 70ൽ അധികം എക്‌സ്‌ക്ലുസീവ് സ്റ്റോറുകൾ പോപ്പീസിനുണ്ട്.
( Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)