പഞ്ചസാര വില വലയ്ക്കരുത്, എത്തനോൾ ഉണ്ടാക്കാൻ കരിമ്പ് ഉപയോഗിക്കരുത്: കേന്ദ്ര സർക്കാർ
Mail This Article
ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദേശം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എത്തനോൾ ഉൽപ്പാദിപ്പിക്കുന്നതിന് കരിമ്പ് ജ്യൂസോ സിറപ്പോ ഉപയോഗിക്കരുതെന്ന് പഞ്ചസാര മില്ലുകൾക്ക് നിർദ്ദേശം നൽകി. കരിമ്പിൻ ജ്യൂസിൽ നിന്ന് എത്തനോൾ നിർമ്മാണത്തിനായി ഏകദേശം 2.14 ദശലക്ഷം ടൺ പഞ്ചസാരയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കരിമ്പിന്റെ ഉപോൽപ്പന്നമായ 'സി-ഹെവി മൊളാസസിൽ' നിന്ന് മാത്രമേ എത്തനോൾ ഉൽപ്പാദിപ്പിക്കാൻ മില്ലുകളെ അനുവദിക്കൂ എന്ന നയം സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് എന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേ തുടർന്ന് എത്തനോൾ നിർമ്മാതാക്കളായ ഇഐഡി-പാരി, ബൽറാംപൂർ ചിനി മിൽസ്, ശ്രീ രേണുക, ബജാജ് ഹിന്ദുസ്ഥാൻ, ദ്വാരകേഷ് ഷുഗർ എന്നിവയുടെ ഓഹരികൾ തളർച്ചയിലാണ്.
ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉൽപാദകരായ ഇന്ത്യ ആഭ്യന്തര പഞ്ചസാര ലഭ്യത ഉറപ്പു വരുത്തുന്നതിനായി യുദ്ധസംഘർഷങ്ങൾക്കിടയിലും കയറ്റുമതി നിയന്ത്രണങ്ങൾ നീട്ടിയതിനു പുറമേയാണ് ഈ തീരുമാനം വന്നത്.
ഇന്ധന ചില്ലറ വ്യാപാരികൾ ഗ്യാസോലിനുമായി കലർത്താൻ പഞ്ചസാര മില്ലുകളിൽ നിന്ന് എത്തനോൾ വാങ്ങുകയും ജ്യൂസിൽ നിന്നും ബി-ഹെവി മോളാസസിൽ നിന്നും ഉത്പാദിപ്പിക്കുന്ന എത്തനോളിന് ഉയർന്ന വില നൽകുകയും ചെയ്യുന്നതിനാൽ പഞ്ചസാര മില്ലുകൾക്കും എത്തനോൾ ഉൽപ്പാദനത്തിൽ നല്ല താല്പര്യമാണ്. എന്നാൽ അവശ്യ വസ്തുവായ പഞ്ചസാരയുടെ വില ഉയർന്ന് പോകുന്നത് സാധാരണക്കാരുടെ പോക്കറ്റ് ചോർത്തും എന്നത് കൊണ്ടും, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമാണ് ഈ ഒരു തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ ഇപ്പോൾ എത്തിയിരിക്കുന്നത്.
അഞ്ചു വർഷത്തിനിടയിലെ ഏറ്റവും മഴ കുറഞ്ഞ വര്‍ഷമായതിനാൽ അതും കാർഷികോൽപ്പാദനത്തെ ബാധിക്കാൻ ഇടയുണ്ട്. ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആഭ്യന്തര പഞ്ചസാര വില ഈ വർഷം ഇതുവരെ 3 ശതമാനം ഉയർന്നു