ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വന്നപ്പോൾ കസേര ഒഴിഞ്ഞുകൊടുത്ത് ലസിത് മലിംഗ- വിഡിയോ

Mail This Article
ഹൈദരാബാദ്∙ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കായി കസേര ഒഴിഞ്ഞു കൊടുത്ത് ടീമിന്റെ പരിശീലക സംഘത്തിലുള്ള മുൻ ലങ്കൻ പേസർ ലസിത് മലിംഗ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഡഗ്ഔട്ടിലാണു സംഭവം നടന്നത്. ഹാർദിക് പാണ്ഡ്യയെ കണ്ട മുംബൈ ഇന്ത്യൻസ് പരിശീലകൻ കീറൺ പൊള്ളാർഡ് സീറ്റിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു.
എന്നാൽ അതിനു മുൻപേ തന്നെ ലസിത് മലിംഗ എഴുന്നേറ്റു നടന്നുപോകുകയായിരുന്നു. ഇതോടെ പൊള്ളാര്‍ഡ് പാണ്ഡ്യയ്ക്കു സമീപത്തായി ഇരുന്നു. മത്സരത്തിൽ 278 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയത്. മറുപടിയിൽ മുംബൈയുടെ ഇന്നിങ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസിൽ അവസാനിച്ചു.
31 റൺസിനാണ് ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയം. 34 പന്തിൽ 64 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറർ. 20 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ 24 റൺസെടുത്താണു പുറത്തായത്. ബോളിങ്ങിലും മുംബൈ ക്യാപ്റ്റനു തിളങ്ങാൻ സാധിച്ചില്ല. നാല് ഓവറുകൾ പന്തെറിഞ്ഞ താരം 46 റൺസാണു വഴങ്ങിയത്. ആകെ ലഭിച്ചത് ഒരു വിക്കറ്റും. ഏപ്രില്‍ ഒന്നിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.