സെപ്റ്റംബറിലെ വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾ കേരളത്തിലും; കാര്യവട്ടം സ്റ്റേഡിയം വേദിയാകും

Mail This Article
തിരുവനന്തപുരം ∙ സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന വനിത ഏകദിന ലോകകപ്പ് മൽസരങ്ങൾക്കു തിരുവനന്തപുരവും വേദിയാകും. ബിസിസിഐ ഏപെക്സ് കൗൺസിൽ യോഗത്തിലാണ് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയവും വേദിയായി തീരുമാനിച്ചത്. ഒന്നിലേറെ മത്സരങ്ങൾ ഇവിടെ നടക്കും. ഏതൊക്കെ മത്സരങ്ങളാണെന്നു വൈകാതെ തീരുമാനമാകും. ഇന്ത്യയുടെ മത്സരങ്ങൾ ഉൾപ്പെടെ ലഭിക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമം.
വിശാഖപട്ടണം , ഇൻഡോർ, ഗുവാഹത്തി, മുല്ലൻപുർ (പഞ്ചാബ്) എന്നിവയാണ് മറ്റു വേദികളായി തീരുമാനിച്ചിരിക്കുന്നത്. ഐസിസി അംഗീകാരത്തോടെയാകും പ്രഖ്യാപനം. നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ ഉൾപ്പെടെ തിരുവനന്തപുരത്തിന് അനുവദിച്ചേക്കും.
രാജ്യത്തെ മികച്ച രാജ്യാന്തര സ്റ്റേഡിയങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന സ്പോർട്സ് ഹബ് സ്റ്റേഡിയം ആദ്യമായാണ് ഐസിസി ചാംപ്യൻഷിപ്പിനു വേദിയാകുന്നത്. 2023ൽ ഇന്ത്യ വേദിയായ പുരുഷ ഏകദിന ലോകകപ്പിന്റെ സന്നാഹ മത്സരങ്ങൾ ഇവിടെ നടന്നിരുന്നു. ഇതുവരെ 2 ഏകദിനങ്ങൾ ഉൾപ്പെടെ 6 രാജ്യാന്തര മത്സരങ്ങൾക്കാണ് തിരുവനന്തപുരം സ്റ്റേഡിയം വേദിയായത്. 2023ൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ രാജ്യാന്തര ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം (317 റൺസ്) നേടിയതും ഇവിടെയാണ്.