ബൈ കസീയസ്; മുൻ സ്പെയിൻ ക്യാപ്റ്റൻ ഐകർ കസീയസ് വിരമിച്ചു

Mail This Article
മഡ്രിഡ് ∙ 2010ൽ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ സ്പെയിൻ ടീമിന്റെ ക്യാപ്റ്റനും റയൽ മഡ്രിഡ് ക്ലബ്ബിന്റെ മുൻ ഗോൾകീപ്പറുമായ ഐകർ കസീയസ് (39) വിരമിച്ചു. റയലിൽനിന്നു 2015ൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയിലേക്കു മാറി. ഹൃദയാഘാതമുണ്ടായതിനാൽ താരം കഴിഞ്ഞ ഒരു വർഷമായി കളിച്ചിട്ടില്ല. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ തയാറെടുത്തെങ്കിലും പിന്നീടു പിൻമാറി.
സ്പെയിനൊപ്പം 2010 ലോകകപ്പിനു പുറമേ 2008, 2012 യൂറോ കിരീടനേട്ടങ്ങളിലും പങ്കാളിയായി. അണ്ടർ 20 ലോകകപ്പ് നേടിയ ടീമിലും അംഗമായി. റയൽ സീനിയർ ടീമിനൊപ്പം 16 സീസണുകൾ. 3 ചാംപ്യൻസ് ലീഗും5 സ്പാനിഷ് ലാ ലിഗ കിരീടവും നേടി. 9-ാം വയസ്സിലാണു റയൽ അക്കാദമിയിൽ ചേർന്നത്.
യൂറോപ്പ ലീഗ്: യുണൈറ്റഡ് ഇന്നിറങ്ങുന്നു
ലണ്ടൻ ∙ ആഭ്യന്തര ലീഗുകളിലെ മികച്ച പ്രകടനത്തിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്റർ മിലാനും ഇന്നു യൂറോപ്പ ലീഗ് പോരാട്ടത്തിന്. പ്രീക്വാർട്ടർ ആദ്യപാദം ഓസ്ട്രിയൻ ക്ലബ് ലിൻസെറിനെതിരെ 5-0നു ജയിച്ചു നിൽക്കുകയാണു യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിലെ 2–ാം പാദത്തിൽ ഇന്നു യുണൈറ്റഡ് ലക്ഷ്യമിടുന്നതും വമ്പൻ ജയം.
ഇന്ററും സ്പാനിഷ് ക്ലബ് ഗെറ്റാഫെയും ആദ്യപാദം കളിച്ചിട്ടില്ല. യുവേഫ തീരുമാനം അനുസരിച്ച് അവരുടെ മത്സരം ഒരു പാദം മാത്രം. നിഷ്പക്ഷ വേദിയായ ജർമനിയിലെ ഗെൽസൻകേഷനിലാണു കളി. എഫ്സി കോപ്പൻഹേഗൻ-ഇസ്തംബൂൾ ബസക്സെഹിർ, ഷക്തർ ഡൊണസ്ക്-വോൾവ്സ്ബർഗ് എന്നിവയാണ് ഇന്നത്തെ മറ്റു 2 മത്സരങ്ങൾ. ആദ്യപാദം ബസക്സെഹിർ 1-0നു ജയിച്ചിരുന്നു.