കോപ്പ അമേരിക്കയിൽ വിജയക്കുതിപ്പ് തുടർന്ന് ബ്രസീൽ; പെറുവിനെ 4–0ന് തകർത്തു

Mail This Article
റിയോ ഡി ജനീറോ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ആതിഥേയരായ ബ്രസീൽ വിജയക്കുതിപ്പു തുടരുന്നു. ഗോളടിയിൽ ആദ്യ മത്സരത്തെ അപേക്ഷിച്ച് ബ്രസീൽ ‘ഒരു പടി കൂടി മുന്നോട്ടുപോയ’ മത്സരത്തിൽ പെറുവിനെ വീഴ്ത്തിയത് എതിരില്ലാത്ത നാലു ഗോളുകൾക്ക്. ആദ്യ പകുതിയിൽ ബ്രസീൽ ഒരു ഗോളിനു മുന്നിലായിരുന്നു. അലക്സ് സാന്ദ്രോ (12), നെയ്മർ (68), പകരക്കാരായ എവർട്ടൻ റിബെയ്റോ (89), റിച്ചാർലിസൻ (90+3) എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ബ്രസീൽ വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ട് മുതൽ വിജയക്കുതിപ്പു തുടരുന്ന ബ്രസീലിന്റെ തുടർച്ചയായ ഒൻപതാം വിജയമാണിത്. ഗോൾ വഴങ്ങാതെ ജയിക്കുന്നത് ആറാം തവണയും. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ രണ്ടു കളികളിൽനിന്ന് ആറു പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്നു പുലർച്ചെ ആദ്യ മത്സരത്തിൽ വെനസ്വേലയുമായി ഗോൾരഹിത സമനില വഴങ്ങിയ കൊളംബിയ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. ഇനി ജൂൺ 23ന് കൊളംബിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. പെറു ജൂൺ 20നും കൊളംബിയയ്‌ക്കെതിരെ കളത്തിലിറങ്ങും.
താരതമ്യേന തണുപ്പൻ കളിയുമായി ഇരു ടീമുകളും ‘ഉറഞ്ഞുനിന്ന’ ആദ്യപകുതിയിൽ അലക്സ് സാന്ദ്രോ നേടിയ ഗോളാണ് ബ്രസീലിന് മേധാവിത്തം നൽകിയത്. ആദ്യപകുതിയിൽ ഗോളിലേക്കുള്ള ബ്രസീലിന്റെ ഏക ഷോട്ടും 12–ാം മിനിറ്റിൽ ഗോളായി പരിണമിച്ച സാന്ദ്രോയുടെ ഷോട്ട് തന്നെ!
ഇടതു വിങ്ങിലൂടെ മുന്നേറിയെത്തിയ എവർട്ടനിൽനിന്നാണ് ബ്രസീലിന്റെ ആദ്യ ഗോളിലേക്കുള്ള മുന്നേറ്റം ചൂടുപിടിച്ചത്. ബോക്സിന് സമാന്തരമായി എത്തി എവർട്ടൻ മറിച്ചു നൽകിയ ക്രോസ് ഗോളാകുന്നില്ലെന്ന് ഉറപ്പാക്കിയെങ്കിലും ക്ലിയർ ചെയ്യാൻ പെറു താരങ്ങൾക്കായില്ല. വലതുവിങ്ങിലേക്ക് നീങ്ങിയ പന്ത് ഓടിപ്പിടിച്ചെടുത്ത ഗബ്രിയേൽ ജെസ്യൂസ് അത് തിരികെ ബോക്സിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ അലക്സ് സാന്ദ്രോ അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.
രണ്ടാം ഗോളിനായുള്ള കാത്തിരിപ്പ് പ്രതീക്ഷിച്ചതിലും നീണ്ടെങ്കിലും അതൊരു ഗോൾമഴയുടെ തുടക്കമായി. മിനിറ്റുകൾക്ക് മുൻപ് റഫറി അനുവദിച്ച പെനൽറ്റി എടുക്കാനായി കാത്തുനിൽക്കെ, ‘വാറി’ന്റെ ഇടപെടലിൽ അതു നഷ്ടമായി നാണംകെട്ടതിനു പിന്നാലെയാണ് നെയ്മർ അസ്സലൊരു ഗോളുമായി വിമർശകരെ നിശബ്ദരാക്കിയത്.
മധ്യവരയ്ക്കു സമീപത്തുനിന്നും പന്തുമായി ഫ്രെഡ് നടത്തിയ നീക്കമാണ് ഗോളിലേക്കെത്തിയത്. ഓടിക്കയറിയ ഫ്രെഡ് പെറു ബോക്സിനു മുന്നിൽ നെയ്മറിനു പന്തു മറിച്ചു. ബോക്സിലേക്കു കയറും മുൻപേ പോസ്റ്റിന്റെ ഇടതുമൂല ലക്ഷ്യമാക്കിയുള്ള നെയ്മറിന്റെ ഷോട്ട് പെറു ഗോൾകീപ്പറിന്റെ നീട്ടിയ കൈകൾ മറികടന്ന് വലയിൽ കയറി. സ്കോർ 2–0.
ഗോൾ നേടിയതോടെ അതുവരെ മങ്ങിക്കളിച്ച നെയ്മർ ഉണർന്നു. അതിന്റെ വ്യത്യാസം ബ്രസീലിന്റെ കളിയിലും നിഴലിച്ചു. 89–ാം മിനിറ്റിൽ പകരക്കാരൻ താരം എവർട്ടൻ റിബെയ്റോ ബ്രസീലിനായി മൂന്നാം ഗോൾ നേടി. ഗോളിനായുള്ള അസിസ്റ്റ് റിച്ചാർലിസന്റെ വകയെങ്കിലും ഗോളിന്റെ ശിൽപി നെയ്മർ തന്നെ. റിബെയ്റോയുമായി പന്ത് കൈമാറി പെറു ബോക്സിലെത്തിയ നെയ്മർ അത് ഇടതുവിങ്ങിൽ റിച്ചാർലിസനു മറിച്ചു. രണ്ടടി മുന്നോട്ടുവച്ച് റിച്ചാർലിസൻ പെറു ബോക്സിലേക്കു നൽകിയ ക്രോസിന് ഓടിക്കയറിയ റിബെയ്റോ കാൽവച്ചു. ഗോൾ... ബ്രസീൽ ജഴ്സിയിൽ റിബെയ്റോയുടെ ആദ്യഗോൾ. സ്കോർ 3–0.
കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി ഇത്തവണയും ഇൻജറി ടൈമിലും ഗോളടിച്ചാണ് ബ്രസീൽ തിരികെ കയറിയത്. ഇക്കുറി ഗോളടിക്കാനുള്ള നിയോഗം മറ്റൊരു പകരക്കാരൻ താരം റിച്ചാർലിസന്. ഇത്തവണ പെറു ബോക്സിനു മുന്നിൽ റോബർട്ടോ ഫിർമിനോയ്ക്ക് കണക്കാക്കി നെയ്മറിന്റെ ഒരു തകർപ്പൻ പാസ്. ഫിർമിനോയുടെ ഷോട്ട് പെറു ഗോൾകീപ്പർ തടഞ്ഞെങ്കിലും റീബൗണ്ട് ലഭിച്ചത് റിച്ചാർലിസന്. താരത്തിന്റെ ഷോട്ട് പെറു താരത്തിന്റെ ദേഹത്തു തട്ടി തിരിച്ചെത്തുമ്പോഴേയ്ക്കും റിച്ചാർലിസൻ നിലത്തുവീണിരുന്നു. അവിടെ കിടന്ന് താരത്തിന്റെ അടുത്ത ഷോട്ട് വലയിൽ. സ്കോർ 4–0.
English Summary: Brazil vs Peru LIVE Score, Copa America 2021 Updates