ഇസ്കോയുടെ ഗോളിൽ റയൽ മഡ്രിഡിനെ വീഴ്ത്തി റയൽ ബെറ്റിസ്; ഗോൾനേട്ടം ആഘോഷിച്ചതിന് മാപ്പുചോദിച്ച് ഇസ്കോ– വിഡിയോ

Mail This Article
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ കിരീടപ്പോരാട്ടത്തിൽ കനത്ത തിരിച്ചടിയായി റയൽ മഡ്രിഡിന് തോൽവി. റയൽ ബെറ്റിസിനോട് 2–1നാണ് റയൽ മഡ്രിഡിന്റെ തോൽവി. മുൻ റയൽ മഡ്രിഡ് താരം കൂടിയായ ഇസ്കോയാണ് റയൽ ബെറ്റിസിന്റെ വിജയഗോൾ നേടിയതെന്ന പ്രത്യേകത കൂടിയുണ്ട്. തോൽവിയോടെ റയൽ മഡ്രിഡ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥനത്തേക്ക് പിന്തള്ളപ്പെട്ടു. റയൽ മഡ്രിഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മുൻ പരിശീലകനായ മാനുവൽ പെല്ലെഗ്രിനി പരിശീലിപ്പിക്കുന്ന ക്ലബ്ബാണ് റയൽ ബെറ്റിസ്.
ബ്രാഹിം ഡയസ് 10–ാം മിനിറ്റിൽ നേടിയ ഗോളിൽ ലീഡ് നേടിയ ശേഷമാണ് റയൽ മഡ്രിഡ് തോൽവിയിലേക്ക് വഴുതിയത്. 34–ാം മിനിറ്റിൽ ജോണി കാർഡോസോ നേടിയ ഗോളിൽ സമനില പിടിച്ച റയൽ ബെറ്റിസ്, ഇടവേളയ്ക്കു ശേഷം 54–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽനിന്നാണ് വിജയഗോൾ കണ്ടെത്തിയത്. കിക്കെടുത്ത മുൻ റയൽ മഡ്രിഡ് താരം കൂടിയായ ഇസ്കോ ലക്ഷ്യം കണ്ടു.
26 കളികളിൽനിന്ന് നാലാം തോൽവി വഴങ്ങിയ റയൽ മഡ്രിഡ്, 54 പോയിന്റുമായാണ് മൂന്നാം സ്ഥാനത്തായത്. മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക് ക്ലബ്ബിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച അത്‌ലറ്റിക്കോ മഡ്രിഡ്, 26 കളികളിൽനിന്ന് 56 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അർജന്റീന താരം യൂലിയൻ അൽവാരസ് 66–ാം മിനിറ്റിൽ നേടിയ ഗോളാണ് അത്‍ലറ്റിക്കോയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു മത്സരം കുറവുകളിച്ച ബാർസിലോന 54 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം, റയൽ ബെറ്റിസിന്റെ വിജയഗോൾ നേടിയശേഷം ഗോൾനേട്ടം ആഘോഷിച്ചതിന് ഇസ്കോ റയൽ മഡ്രിഡ് ആരാധകരോട് ക്ഷമ ചോദിച്ചു. ‘‘ഗോളാഘോഷത്തിന് റയൽ മഡ്രിഡ് ആരാധകരോട് ഞാന‍് ക്ഷമ ചോദിക്കുന്നു. റയൽ മഡ്രിഡിനോട് എക്കാലത്തും നന്ദിയുള്ളയാളാണ് ഞാൻ. റയൽ മഡ്രിഡ് എക്കാലവും എന്റെ ഹൃദയത്തിലുണ്ടാകും’ – ഇസ്കോ പറഞ്ഞു.
റയൽ മഡ്രിഡിനായി 353 കളികളിൽനിന്ന് 53 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ഇസ്കോ. റയലിനൊപ്പമുണ്ടായിരുന്ന ഒൻപതു വർഷത്തിനിടെ അഞ്ച് ചാംപ്യൻസ് ലീഗ് നേട്ടങ്ങളിലും മൂന്ന് ലാലിഗ കിരീടനേട്ടങ്ങളിലും ഇസ്കോ പങ്കാളിയായിട്ടുണ്ട്. റയലിൽനിന്ന് ഇടക്കാലത്ത് സെവിയ്യയിലേക്ക് കൂടുമാറിയ ഇസ്കോ, 2023ലാണ് റയൽ ബെറ്റിസിൽ എത്തുന്നത്. ഈ സീസണിൽ 15 കളികളിൽനിന്ന് ആറാം ഗോളാണ് ഇസ്കോ നേടിയത്. ഇതിൽ നാലു ഗോളുകളും കഴിഞ്ഞ ഒരു മാസത്തിനിടെയാണ് താരം നേടിയത്.