ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും 16 വർഷം; പൂർണ ആരോഗ്യവതിയെന്ന് യുവതി
Mail This Article
വെള്ളം കുടിക്കാതെ എത്ര ദിവസം അതിജീവിക്കാൻ പറ്റും? ഒന്നോ രണ്ടോ മണിക്കൂർ അല്ലെങ്കിൽ പരമാവധി ഒരു ദിവസം. നിർജലീകരണം ഉണ്ടാകുന്നതുമൂലം അതിനുമപ്പുറം അതിജീവിക്കാൻ അധികമാർക്കും സാധിക്കില്ല. അപ്പോൾ 16 വർഷം വെള്ളമോ ഭക്ഷണമോ ഇല്ലാതെ ജീവിച്ചാലോ. അത്തരമൊരു വിചിത്ര അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് എത്യോപ്യ സ്വദേശിയായ 26കാരി. മുലുവോർക് അംബൗ എന്ന യുവതിയാണ് ഒന്നേകാൽ പതിറ്റാണ്ടിനു മുകളിലായി താൻ ആഹാരമോ വെള്ളമോ ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്നത്.
എന്നാൽ ഇറോം ശർമിളയെ പോലെ നിരാഹാര സമരത്തിലായിരുന്നില്ല അംബൗ. എന്തുകൊണ്ട് ആഹാരം കഴിച്ചില്ല എന്ന ചോദ്യത്തിന് തനിക്ക് വിശപ്പ് അനുഭവപ്പെട്ടില്ല എന്നാണ് യുവതിയുടെ മറുപടി. 10 വയസ്സുള്ള സമയത്ത് ഒരിക്കൽ ലെന്റിൽ സ്റ്റൂ കഴിച്ചതാണ് ഏറ്റവും ഒടുവിൽ ഉള്ളിൽ ചെന്ന ആഹാരം. അതിനുശേഷം വിശക്കുകയോ ദാഹിക്കുകയോ ചെയ്തിട്ടില്ല. ഭക്ഷണം കഴിക്കാത്തതുകൊണ്ട് തന്നെ ഇക്കാലമത്രയും ടോയ്‌ലറ്റും ഉപയോഗിക്കേണ്ടിവന്നില്ല. ഇന്ന് ഇവർ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. താൻ ആഹാരം കഴിക്കാറില്ലെങ്കിലും കുടുംബത്തിനായി പതിവായി ഭക്ഷണം പാകം ചെയ്യാറുണ്ടെന്ന് അംബൗ പറയുന്നു.
ആഹാരം കഴിക്കാതെ ആരോഗ്യത്തോടെ ഇരിക്കുന്ന ഈ അവസ്ഥ പരിശോധനകൾക്കും വിധേയമാക്കപ്പെട്ടിരുന്നു. പല വർഷങ്ങളിലായി ഇന്ത്യ, ഖത്തർ, ദുബായ് തുടങ്ങിയ പലയിടങ്ങളിലെയും ആരോഗ്യവിദഗ്ധർ അംബൗവിനെ പരിശോധിച്ചു. ദഹന വ്യവസ്ഥയിൽ ഭക്ഷണമോ വെള്ളമോ മാലിന്യങ്ങളോ ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ അംബൗവിന് എന്തെങ്കിലും രോഗമുള്ളതായി ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിച്ചില്ല. എന്നുമാത്രമല്ല യുവതി പൂർണ ആരോഗ്യവതിയാണെന്ന് അവർ വിധിയെഴുതുകയും ചെയ്തു. ഗിന്നസ് റെക്കോർഡ് ജേതാവായ ഡ്രു ബിൻസ്കി അടുത്തയിടെ അംബൗവിനെ സന്ദർശിച്ചിരുന്നു.
ചെറുപ്പകാലത്ത് ഭക്ഷണം കഴിക്കാൻ വീട്ടുകാർ പതിവായി ആവശ്യപ്പെടുമായിരുന്നെന്നും കഴിച്ചു എന്ന് കളവു പറയുകയായിരുന്നു തന്റെ പതിവെന്നും അംബൗ ഡ്രു ബിൻസ്കിയോട് വെളിപ്പെടുത്തി. ഭക്ഷണവും വെള്ളവുമില്ലാതെ ഇക്കാലമത്രയും ആരോഗ്യത്തോടെ ഇരുന്നെങ്കിലും ഗർഭകാലത്ത് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ശരീരത്തിന്റെ സ്വാഭാവിക ഊർജം നഷ്ടപ്പെടാതെ നിലനിർത്താൻ ഗ്ലൂക്കോസ് കയറ്റേണ്ടിവന്നു. കുഞ്ഞിന്റെ ജനനശേഷം മുലപ്പാൽ നൽകാനായില്ല എന്നതാണ് അംബൗ നേരിട്ട മറ്റൊരു പ്രശ്നം. ശരീരം മുലപ്പാൽ ഉത്പാദിപ്പിക്കാത്തതുമൂലം കുഞ്ഞിനായി ബദൽ മാർഗങ്ങൾ തേടിയിരുന്നു. കേൾക്കുമ്പോൾ ആർക്കും വിശ്വസിക്കാനാവാത്ത തരത്തിൽ 16 കൊല്ലം കഴിഞ്ഞ തനിക്ക് ഇനിയുള്ള കാലവും ജീവിതം ഇതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാകുമെന്ന വിശ്വാസത്തിലാണ് അംബൗ.