ഷിജോ ‘കൈവച്ചാൽ’ എടുക്കാനൽപം വൈകും!
Mail This Article
കുന്നംകുളത്തുകാരൻ ഷിജോ ജോൺസൺ വച്ച കൈ തിരികെ എടുക്കുമ്പോഴേയ്ക്കും ആളു പടമായിട്ടുണ്ടാകും! ആ കയ്യുടെ ‘ചൂട്’ നന്നായറിഞ്ഞ ഒരാള്‍ നടൻ ജയസൂര്യയാണ്. സംഭവം തത്സമയം കണ്ടവർ ദാ കനത്തിലൊരു റെക്കോർഡും കൊടുത്തിരിക്കുന്നു. പേപ്പറിൽനിന്നു പേന ഉയർത്താതെ പരമാവധി ഛായാചിത്രങ്ങൾ വരച്ചതിനുള്ള ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക് ഓഫ് റെക്കോർഡ്സും മെക്കാനിക്കൽ എൻജിനീയറായ ഷിജോയുടെ പേരിലായി.
നടൻ ജയസൂര്യയുടെ 10 വേഷപ്പകർച്ചകളാണ് കൈയെടുക്കാതെ ഈ യുവാവ് പൂർത്തീകരിച്ചത്. പ്രകടനത്തിന്റെ തത്സമയ വിഡിയോ വീക്ഷിച്ചാണ് അധികൃതർ ഈ ‘നോൺ സ്റ്റോപ്’ വരയെ അംഗീകരിച്ചത്. ഈ കാറ്റഗറിയിലുള്ള ആദ്യ റെക്കോർഡ് കൂടിയാണ് ഇത്. ഷിജോ സ്വയം വികസിപ്പിച്ചെടുത്തതാണ് ഈ സൃഷ്ടി. നേരത്തെ ഡ്രോയിങ് പാഡ് ഉപയോഗിച്ച് ഡിജിറ്റലായി വരച്ചിരുന്നെങ്കിലും പേപ്പറിലെ പരീക്ഷണം കടുകട്ടിയായിരുന്നു. തത്സമയ പ്രകടന സമയത്തും ഇടയ്ക്കൊന്നു കൈ ഉയർത്തിയതിനാൽ പൂർത്തിയായിട്ടും 3 ചിത്രങ്ങൾ മാറ്റിവരയ്ക്കേണ്ടി വന്നു.
വര അഭ്യസിക്കാത്ത ഷിജോ 3 വർഷം മുൻപാണ് കുത്തിവരകൾ ആരംഭിച്ചത്. ഡോട്ട് ആർട്, കോഫി ആർട് എന്നിവയിലായിരുന്നു തുടക്കം. ലോക്ഡൗൺ സമയത്ത് വെറുതേ ഇരുന്നപ്പോഴാണ് പേന ഉയർത്താതെയുള്ള വര പരീക്ഷിച്ചത്. സാധാരണ ജെൽ പെൻ ഉപയോഗിച്ചാണു വര. നേരത്തെ മമ്മൂട്ടി, ടൊവിനോ തോമസ്, നിവിൻ പോളി, ഗോവിന്ദ് പത്മസൂര്യ എന്നിവരുടെ ഡോട്ട് ആർട്ട് നടത്തിയിട്ടുണ്ട്. ഇങ്ങനെ വരച്ചു സമർപ്പിച്ച ജയസൂര്യയുടെ ചിത്രം നടൻ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറൽ ആക്കിയിരുന്നു. തന്റെ ഇഷ്ട നടനാണ് ജയസൂര്യയെന്നും ഏതു കലാസൃഷ്ടി പരീക്ഷിക്കുമ്പോഴും അത് ജയസൂര്യയിൽ നിന്നാണു തുടങ്ങാറെന്നും ഷിജോ പറയുന്നു. സ്വന്തം വേഷപ്പകർച്ചകൾ കൈയെടുക്കാതെ വരച്ച് റിക്കാർഡ് നേടിയ ഷിജോയെ ജയസൂര്യ അഭിനന്ദിച്ചിരുന്നു. ഷൂട്ടിങ് തിരക്കുകൾക്കു ശേഷം നേരിൽ കാണാമെന്നും വാക്കുകൊടുത്തിട്ടുണ്ട്.