പെഴ്സിവീയറൻസ് കണ്ടെത്തി, ചൊവ്വയിൽ നദിയുണ്ടായിരുന്നു...
Mail This Article
യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് ചൊവ്വയിൽ പണ്ടെന്നോ നദിയുണ്ടായിരുന്നതിന്റെ തെളിവുകൾ കണ്ടെത്തി. നദിയിലെ ശക്തമായ വെള്ളമൊഴുക്കിന്റെ ഫലമായുണ്ടാകുന്ന ഡെൽറ്റയ്ക്കു സമാനമായ പ്രദേശമാണു പെഴ്സിവീയറൻസിന്റെ സെൻസറുകൾ കണ്ടെത്തിയത്. പെഴ്സിവീയറൻസ് പകർത്തിയ ചൊവ്വയിലെ മലഞ്ചെരിവുകളുടെ ചിത്രങ്ങൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്തതിൽ നിന്നാണു കണ്ടെത്തലിലെത്തിയത്. സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം നടത്തിയത് യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ്. ബഹിരാകാശ ജീവി ശാസ്ത്രജ്ഞ ആമി വില്യംസ് ആയിരുന്നു സംഘത്തെ നയിച്ചത്.
മലഞ്ചെരിവുകളിൽ കണ്ട പ്രത്യേക ആകൃതിയിലുള്ള അടയാളങ്ങളെക്കുറിച്ചാണ് ആമി പഠിച്ചത്. പല പാളികളായിട്ടായിരുന്നു മലഞ്ചെരിവിലെ മണ്ണു കാണപ്പെട്ടത്. ഇവയിൽ അവസാനത്തെ 3 പാളികൾ വെള്ളമൊഴുകിയതിനെത്തുടർന്നു രൂപപ്പെട്ടതാണെന്നു പഠനങ്ങളിൽ നിന്നു കണ്ടെത്തുകയായിരുന്നു. പ്രാചീനകാലത്തെ നദീമുഖങ്ങളായിരുന്നു ഇവയെന്നാണു പ്രാഥമിക നിഗമനം. ഏകദേശം 370 കോടി വർഷങ്ങൾക്കു മുൻപ് ജലചംക്രമണത്തിനുതകുന്ന തരത്തിൽ ചൂടും ഈർപ്പവും ചൊവ്വയിൽ ഉണ്ടായിരുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. മുകളിലെയും ഏറ്റവും താഴത്തെയും പാളികളിൽ വലിയ പാറക്കല്ലുകൾ ചിതറിക്കിടക്കുന്നത് വെള്ളപ്പൊക്കമുണ്ടായതിന്റെ സൂചനകളാണു നൽകുന്നത്.
ചൊവ്വയിൽ ജലമുണ്ടായിരുന്നുവെന്ന സൂചനകൾ ശക്തമാകുന്നത് ഗ്രഹത്തിൽ ജീവൻ ഉണ്ടായിരുന്നിരിക്കാമെന്ന പ്രതീക്ഷകൾക്കു കൂടുതൽ ശക്തി നൽകുന്നവയാണ്. ജീവന്റെ നിലനിൽപിനാധാരം ജലമാണെന്ന വസ്തുതയും ഭൂമിയിൽ ആദ്യ ജീവൻ രൂപപ്പെടാൻ ജലം പശ്ചാത്തലമായി എന്നതും വച്ചു നോക്കുമ്പോൾ ചൊവ്വയിലെ ജലത്തിന്റെ സാന്നിധ്യം ഭൂമിക്കു പുറത്ത് മറ്റൊരു ഗ്രഹത്തിൽ കൂടി ജീവനുണ്ടെന്നും, വാസയോഗ്യമായിരിക്കാമെന്നുമുള്ള ശാസ്ത്രജ്ഞരുടെ വാദങ്ങൾ ഭാവിയിൽ തെളിയിക്കപ്പെടുമെന്ന വിശ്വാസത്തിലാണു ലോകം.
∙ പെഴ്സിവീയറൻസ് നിഗൂഢത അകറ്റുമോ
ഇതിനു മുൻപ് പെഴ്സിവീയറൻസ് ചൊവ്വയിൽ ജീവനു നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നു തെളിയിച്ചത് അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ നിർമിച്ചായിരുന്നു. മാഴ്സ് ഓക്സിജൻ ഇൻ സിറ്റു റിസോഴ്സ് യൂട്ടിലൈസേഷൻ എക്സ്പിരിമെന്റ്’ (മോക്സി) എന്ന പരീക്ഷണത്തിലൂടെയാണ് ഇതാദ്യമായി ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിൽ ഓക്സിജൻ ഉൽപാദിപ്പിച്ചത്. ആദ്യ പരീക്ഷണത്തിൽ തന്നെ 5.4 ഗ്രാം ഓക്സിജൻ ലഭിച്ചു. ഒരു ബഹിരാകാശയാത്രികന് 10 മിനിറ്റ് ശ്വസിക്കാൻ ഇതു മതിയാകും.
ചൊവ്വയുടെ അന്തരീക്ഷത്തിൽ 0.13% മാത്രമാണ് ഓക്സിജൻ സാന്നിധ്യമെങ്കിലും കാർബൺ ഡയോക്സൈഡ് 96 ശതമാനത്തോളമാണ്. പെഴ്സിവീയറൻസ് റോവറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് താപോർജം ഉൽപാദിപ്പിച്ച ശേഷം അതുപയോഗിച്ചു കാർബൺ ഡയോക്സൈഡിനെ കാർബൺ മോണോക്സൈഡും ഓക്സിജനുമായി വിഘടിപ്പിച്ചായിരുന്നു പരീക്ഷണം.
മനുഷ്യന്റെ ചൊവ്വാ പര്യവേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണു പെഴ്സിവീയറൻസ്. ഭൂമിക്കു പുറത്ത് ആദ്യമായി മനുഷ്യ നിർമിത വസ്തു പറന്നുവെന്ന ചരിത്രം കുറിച്ചതു പെഴ്സിവീയറൻസ് ദൗത്യത്തിന്റെ ഭാഗമായ ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററാണ്. 5 തവണ ചെറു പറക്കലുകൾ നടത്താനായി നിർമിച്ച ഈ ഇത്തിരിക്കുഞ്ഞൻ ഇതുവരെ പറന്നതു 12ലധികം തവണ. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് അൽപം ഉയർന്നു നിന്നുള്ള ഫോട്ടോകൾ ലഭ്യമാക്കുന്നതിൽ ഇൻജെന്യൂയിറ്റി സഹായകമായി. ഒപ്പം ഭാവിയിൽ മറ്റു ഗ്രഹങ്ങളിൽ നിയന്ത്രിത പറക്കലുകൾ നടത്താമെന്ന ആത്മവിശ്വാസവും ഇതിലൂടെ നേടി. മറ്റു ഗ്രഹങ്ങളിലേക്കു നാസ പദ്ധതിയിടുന്ന പര്യവേഷണ ദൗത്യങ്ങളിലും ചെറു ഹെലികോപ്റ്ററുകൾ ഉൾക്കൊള്ളിക്കാൻ സാധ്യതയുമുണ്ട്. വ്യാഴത്തിന്റെ ഉപഗ്രഹമായ ടൈറ്റനിലേക്കുള്ള ഡ്രാഗൺഫ്ലൈ പേടകത്തിലും ഉൻജെന്യൂയിറ്റിയുടെ പതിപ്പുണ്ടാകുമെന്നാണു പുറത്തു വരുന്ന വിവരം.
പെഴ്സിവീയറൻസ് ചൊവ്വയിൽ നിന്നു ചെറു പാറക്കഷണവും ശേഖരിച്ചിട്ടുണ്ട്. പെൻസിലിനെക്കാൾ അൽപം കൂടി മാത്രം കട്ടിയുള്ള പാറക്കഷണം ടൈറ്റാനിയം ട്യൂബിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ഭാവിയിൽ ചൊവ്വയിൽ നടത്തുന്ന തുടർദൗത്യങ്ങളുടെ സഹായത്തോടെ ഇതു ഭൂമിയിലെത്തിക്കാമെന്നാണു പ്രതീക്ഷ. പെഴ്സിവീയറൻസിന്റെ 2 മീറ്റർ നീളമുള്ള യന്ത്രക്കൈയിൽ ഘടിപ്പിച്ച ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് ഉപരിതലം കുഴിച്ച് പാറക്കഷണം എടുത്തത്. ഭാവിയിൽ നടത്താൻ പദ്ധതിയിടുന്ന ചൊവ്വാ പര്യവേഷണ ദൗത്യങ്ങളിൽ ചൊവ്വയിൽ നിന്നുള്ള ധാതു ലവണങ്ങൾ ഭൂമിയിൽ കൊണ്ടുവന്നു പരിശോധിക്കാനും നാസ പദ്ധതിയിടുന്നുണ്ട്.
പണ്ടെന്നോ വെള്ളം ഉണ്ടായിരുന്നുവെന്നു ശാസ്ത്രലോകം കരുതുന്ന ജെസീറോ ക്രേറ്റർ എന്ന സ്ഥലത്തായിരുന്നു പെഴ്സിവീയറൻസ് റോവർ ഇറങ്ങിയത്. തുടർന്നു സമീപ പ്രദേശങ്ങളിൽ റോവർ സഞചരിക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ വെള്ളം ഒഴുകിയതിന്റെ ഫലമായി ചൊവ്വയുടെ ഉപരിതലത്തിൽ രൂപപ്പെട്ട പാളികൾ കണ്ടെത്തിയത്.
∙ ചൊവ്വയെ ലക്ഷ്യമിട്ടു ചൈനയും
ചൈന വികസിപ്പിച്ച് സ്വന്തം നിലയ്ക്കു വിക്ഷേപിച്ച ആദ്യ ബഹിരാകാശ ദൗത്യം ടിയാൻവെൻ–1 പരിപൂർണ വിജയമായിരുന്നു. ചൊവ്വയുടെ ഉത്തരമേഖലയിലെ ഉട്ടോപ്യ പ്ലാനീഷ്യയിലിറങ്ങിയ ടിയാൻവെൻ ലാൻഡറും ‘ജൂറോങ്’ എന്നു പേരുള്ള റോവറും ഉൾപെട്ടതായിരുന്നു ദൗത്യം. ഇതോടെ യുഎസിനു ശേഷം ചൊവ്വയിൽ വിജയകരമായി റോവർ ഇറക്കുന്ന രാജ്യമായി ചൈന. ഉപരിതലത്തിലൂടെ സഞ്ചരിച്ച് ചൊവ്വയുടെ ധാതുഘടന, ഉപോപരിതലത്തിലെ ജലസാന്നിധ്യം എന്നിവ പഠിക്കുകയാണു ജൂറോങ് റോവറിന്റെ ലക്ഷ്യം. ഉട്ടോപ്യ പ്ലാനീഷ്യ മേഖലയിൽ ജലസാന്നിധ്യം ഉണ്ടെന്നാണു നിഗമനം. 1976ൽ യുഎസിന്റെ വൈക്കിങ് 2 ദൗത്യം ഇറങ്ങിയതും ഇവിടെയായിരുന്നു. ഇൻജെന്യൂയിറ്റിയുടെ അതേ രൂപഘടനയുള്ള ചെറു ഹെലികോപ്റ്റർ ചൈന നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്ത ചൊവ്വാ ദൗത്യത്തിൽ ചൊവ്വയിൽ ഹെലികോപ്റ്റർ പറത്താനാണു ചൈനയുടെ ശ്രമം. ഒന്നിനു മുകളിൽ ഒന്നായി രണ്ടു മോട്ടറുകൾ ഘടിപ്പിച്ച ഹെലികോപ്റ്റർ പ്രവർത്തനത്തിലും ഇൻജെന്യൂയിറ്റിക്കു സമാനമാണ്.
കൂടുതൽ രാജ്യങ്ങൾ അന്യഗ്രഹ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നത് ബഹിരാകാശ കുടിയേറ്റം എന്ന വളരെ നാളുകളായി കേൾക്കുന്ന വിദൂര സ്വപ്നത്തെ കയ്യെത്തും ദൂരത്തേക്കെത്തിക്കുകയാണ്. ചൊവ്വയിൽ ഓക്സിജൻ സൃഷ്ടിച്ചതും നിയന്ത്രിത പറക്കൽ നടത്തിയതും സമീപനാളുകളിൽ തന്നെ മനുഷ്യൻ ചൊവ്വ സന്ദർശിക്കാനുള്ള സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്. ബഹിരാകാശത്തു സിനിമ ഷൂട്ടിങ് നടക്കുന്നതും സാങ്കേതിക വിദ്യയുടെ വളർച്ചയെ വിളിച്ചോതുന്നതാണ്.
ബഹിരകാശ ടൂറിസം വിജയകരമായി നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്ന വേളയിൽ ചൊവ്വയിലെത്തി തിരികെയെത്തുന്ന ദൗത്യങ്ങൾ വിദൂരമല്ല, മുന്നിലുള്ള വലിയ തടസ്സം യാത്ര പൂർത്തിയാക്കാനാവശ്യമായ ഇന്ധനം വഹിച്ചുകൊണ്ടുള്ള വിക്ഷേപണച്ചെലവാണ്. ചൊവ്വയിൽ ഓക്സിജൻ വലിയ തോതിൽ നിർമിക്കാൻ കഴിഞ്ഞാൽ അതും തരണം ചെയ്യപ്പെടും.
English Summary: Perseverance rover confirms Red Planet witnessed flash floods as climate changed