ഡിസ്കവറിയിൽ കുതിച്ചുയർന്നു, അറ്റ്ലാന്റിസിൽ തിരികെ ഭൂമി തൊട്ടു! സുനിതയുടെ ആദ്യ ബഹിരാകാശയാത്ര

Mail This Article
2006ലെ ഡിസംബർ ആദ്യവാരത്തിലായിരുന്നു സുനിതയുടെ ആദ്യ ബഹിരാകാശ യാത്ര.യുഎസ് ബഹിരാകാശ പേടകമായ ഡിസ്‌കവറിയിലായിരുന്നു ആ പ്രയാണം. പിന്നീട് 2 പതിറ്റാണ്ടോളം നീണ്ടുനിന്ന ബഹിരാകാശ കരിയറിന്റെ തുടക്കമായിരുന്നു അത്. ഫ്ലോറിഡയിലെ കേപ് കാനവറലിലെ ബഹിരാകാശ തറവാടായ കെന്നഡി സ്‌പേസ് സെന്‌ററിൽ നിന്ന് അന്ന് ഇന്ത്യൻ സമയം പുലർച്ചെ 8ന് ഡിസ്‌കവറി ബഹിരാകാശത്തേക്കു കുതിച്ചുയർന്നു.
അന്നത്തെ ദൗത്യത്തിൽ 7 യാത്രക്കാരാണുണ്ടായിരുന്നത്. മിഷൻ സ്‌പെഷലിസ്റ്റ് എന്ന റോളിലായിരുന്നു സുനിത. യുഎസ് നാവിക സേനാംഗമായിരിക്കെയാണ് അവർ ബഹിരാകാശ ദൗത്യത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 6 മാസം നീണ്ട താമസത്തിനാണു അന്നു 40 വയസ്സുണ്ടായിരുന്ന സുനിത പുറപ്പെട്ടത്. കൽപന ചൗളയ്ക്കു ശേഷം ബഹിരാകാശത്തേക്കു പുറപ്പെടുന്ന രണ്ടാമത്തെ ബഹിരാകാശ യാത്രികയായിരുന്നു സുനിത.

യുഎസ് നാവികസേനയിലെ 30 തരം യുദ്ധവിമാനങ്ങളിലും ആക്രമണ ഹെലികോപ്റ്ററുകളിലുമായി 2,500 മണിക്കൂറിലേറെ പറന്ന സുനിതയുടെ അനുഭവസമ്പത്തും ഫ്‌ളൈറ്റ് എൻജിനീയറിങ് വൈദഗ്ധ്യവുമാണു 'നാസ' സുനിതയെ തിരഞ്ഞെടുക്കാൻ കാരണം.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള പത്താമത്തെ പര്യവേക്ഷണ സംഘമായിരുന്നു അന്നു സുനിതയുൾപ്പെട്ട സംഘം.1998 ജൂണിലാണു നാസ സുനിതയെ ഈ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. പരിശീലന കാലയളവിൽ വിവിധ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ ക്ലാസുകൾ. സ്പേസ് ഷട്ടിൽ, രാജ്യാന്തര ബഹിരാകാശ കേന്ദ്രം എന്നിവടങ്ങളിൽ പ്രവർത്തിക്കാനുള്ള പരിശീലനം എന്നിവ നൽകി.

2007 ജൂണിലായിരുന്നു സുനിതയുടെ ഭൂമിയിലേക്കുള്ള തിരച്ചുവരവ്. നാസയുടെ അറ്റ്‌ലാന്‌റിസ് പേടകം അർധരാത്രിക്കുശേഷം എഡ്വേർഡ്‌സ് വ്യോമതാവശത്തിലെ 22ാം നമ്പർ റൺവേയിലേക്കു പറന്നിറങ്ങി.മോശം കാലാവസ്ഥ മൂലം പലതവണ മാറ്റിവച്ച ലാൻഡിങ് ഒടുവിൽ അർധരാത്രിക്കുശേഷം നടത്തുകയായിരുന്നു. കേപ് കാനവറലിൽ നിന്നും ലാൻഡിങ് എഡ്വേർഡ്‌സിലേക്കു മാറ്റിവച്ചതും മോശം കാലവസ്ഥ കാരണമായിരുന്നു.
മൊത്തത്തിൽ ഉദ്വേഗഭരിതമായ ലാൻഡിങ്ങായിരുന്നു അന്നത്തേത്. രണ്ടുവർഷത്തിനു ശേഷമായിരുന്നു എഡ്വേർഡ്‌സിൽ ഒരു ബഹിരാകാശ പേടകം ലാൻഡ് ചെയ്തതെന്നും അന്നത്തെ പ്രത്യേകതയായിരുന്നു. 195 ദിവസം സുനിത ബഹിരാകാശത്തെ സ്പേസ് സ്റ്റേഷനിൽ ആദ്യയാത്രയ്ക്കുശേഷം കഴിഞ്ഞു.