ADVERTISEMENT

ഡിജിറ്റൽ യുഗത്തിലേക്ക് ലോകം അതിവേഗം പരിണമിക്കുമ്പോൾ, നോൺ-ഫംഗബിൾ ടോക്കണുകൾ (എൻഎഫ്ടി), നിർമിതബുദ്ധി (എഐ), മെറ്റാവേഴ്സ് തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങൾ കല, കലക്ടബിൾ വിപണി, വാണിജ്യം, ആശയവിനിമയം തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും വിപ്ലവം സൃഷ്ടിക്കുകയാണ്. ഈ കണ്ടുപിടുത്തങ്ങൾ വിശാലമായ അവസരങ്ങൾക്കും നേട്ടങ്ങൾക്കും വഴിതുറക്കുന്നതിനൊപ്പം, കുറ്റകൃത്യങ്ങളുടെയും സുരക്ഷയുടെയും കാര്യത്തിലും അഭൂതപൂർവമായ വെല്ലുവിളികൾ ഉയർത്തുന്നു. 

 

നിർമിതബുദ്ധി പ്ലാറ്റ്‌ഫോമുകൾ വൻതോതിലുള്ള വിവരശേഖരണവും വിവര വിശകലനവുമാണ് നടത്തുന്നത്. ഗുരുതരമായ സ്വകാര്യതാ ആശങ്കകളും ഇത് ഉയർത്തുന്നുണ്ട്. നോൺ-ഫംഗബിൾ ടോക്കണുകളുടെ ഉപയോഗം കുതിച്ചുയർന്നതോടെ, ഉപയോക്താക്കളുടെ ഡിജിറ്റൽ വോലറ്റുകളിൽനിന്ന് ഫണ്ട് മോഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും വർധിക്കുകയാണ്.  മെറ്റാവേഴ്സ് ശൈശവാവസ്ഥയിലാണ്. എന്നാൽ പ്ലാറ്റ്‌ഫോമിന്റെ സുരക്ഷയെപ്പറ്റിയും സ്വകാര്യതാ പരിരക്ഷയെപ്പറ്റിയും ഉപഭോക്താക്കൾ മനസ്സിലാക്കേണ്ടതുണ്ട്. 

 

സൈബർ മേഖലയിലെ ഭീഷണികളുടെ സങ്കീർണത വർധിച്ചു. അതിനെ നേരിടാൻ പ്രാദേശികവും രാജ്യാന്തരവുമായ സംരംഭങ്ങളിലൂടെ വ്യവസായിക, അക്കാദമിക, സർക്കാർ മേഖലകളിൽ ഉന്നതതല സഹകരണം ആവശ്യമാണ്. സുരക്ഷിതവും വിശ്വസനീയവുമായ സൈബറിടം സൃഷ്ടിക്കുന്നതിലുള്ള വെല്ലുവിളികൾ തരണം ചെയ്യാൻ ‘എൻഎഫ്ടി, എഐ, മെറ്റാവേഴ്സ് കാലഘട്ടത്തിലെ കുറ്റകൃത്യങ്ങളും സുരക്ഷയും’ എന്ന വിഷയത്തിലൂന്നിയുള്ള ജി20 യോഗം ജൂലൈ 13 നും 14 നും ഹരിയാനയിലെ ഗുരുഗ്രാമിൽ കേന്ദ്രആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുകയുണ്ടായി.

 

എൻഎഫ്ടി: വിപണിയെ പരിവർത്തനം ചെയ്യുകയും നിയമലംഘന സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു

 

2014 ന് ശേഷം, നോൺ-ഫംഗബിൾ ടോക്കണുകൾ കലാവിപണിയിൽ വിപ്ലവം സൃഷ്ടിച്ചു. ഡിജിറ്റൽ ആസ്തികളുടെ ഡിജിറ്റൽ ഉടമസ്ഥതയും ഉത്പത്തി പ്രമാണീകരണവും സാധ്യമാക്കുന്നു. 2028 ഓടെ എൻഎഫ്ടി വിപണി ഏകദേശം 2000 കോടി യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസയം, ഈ വിപ്ലവകരമായ സാങ്കേതിക വിദ്യ നിയമലംഘന പ്രവർത്തനങ്ങൾക്കും പുതുവഴികൾ തുറക്കുകയാണ്. 

 

വ്യാജ എൻഎഫ്ടികൾ, കലാസൃഷ്ടികളുടെ അനധികൃത പകർപ്പുകൾ, പകർപ്പവകാശ ലംഘനം എന്നിവ ഡിജിറ്റൽ കലാ മേഖലയിൽ ആശങ്കയായി മാറിയിരിക്കുന്നു. എൻഎഫ്ടി ഇടപാടുകളിൽ ഉപയോഗിക്കുന്ന ക്രിപ്‌റ്റോകറൻസികളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അജ്ഞാതത്വം കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, നിയമവിരുദ്ധ ധനസഹായം എന്നിവയെ സുഗമമാക്കും. ഇതുകൂടാതെ, എൻഎഫ്ടി പ്ലാറ്റ്‌ഫോമിൽ നിലവിലുള്ള സുരക്ഷാപ്രശ്നങ്ങൾ, ദൗർബല്യങ്ങൾ എന്നിവ സങ്കീർണ്ണമായ സൈബർ ആക്രമണങ്ങളിലേക്ക് നയിച്ചേക്കാം.

 

 ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും മാനനഷ്‌ടത്തിനും ഇടയാക്കും. എൻഎഫ്ടി ഇടപാടുകളുടെ ആധികാരികതയും നിയമസാധുതയും ഉറപ്പുവരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ശക്തമായ നിയന്ത്രണ ചട്ടക്കൂടുകൾ സ്ഥാപിക്കുകയും നിയമ നിർവഹണ ഏജൻസികളെ ശക്തിപ്പെടുത്തുകയും രാജ്യാന്തര സഹകരണം ഉറപ്പാക്കുകയും ജി20 രാജ്യങ്ങൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.


Representative Image. Photo Credit : Maria Savenko / Shutterstock.com
Representative Image. Photo Credit : Maria Savenko / Shutterstock.com

 

നിർമിതബുദ്ധി: ഇരുതലമൂർച്ചയുള്ള വാൾ

 

നിർമിതബുദ്ധിയുടെ വ്യാപനം വിവിധ വ്യവസായങ്ങളിൽ വലിയ സാധ്യതകളാണ് തുറന്നത്. സൈബർ സുരക്ഷ, നിയമ നിർവഹണ ഏജൻസികൾ, വിപണി വിശകലനം, കാലാവസ്ഥാ പ്രവചനം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ എഐ ശക്തമായ ഒരു ഉപകരണമായി മാറിയിട്ടുണ്ട്.  സൈബർ കുറ്റവാളികൾ എഐ ഉപയോഗിച്ച് സൈബർ ആക്രമണങ്ങളും തട്ടിപ്പുകളും നടത്താനുള്ള സാധ്യതകളും ഏറുകയാണ്. നിർമിതബുദ്ധിയുടെ സ്വാധീനം ഭാവാത്മക മുന്നേറ്റങ്ങൾക്കപ്പുറത്തേക്കും വ്യാപിക്കുന്നു. നിഷേധാത്മകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു.

 

 സങ്കീർണമായ സൈബർ ആക്രമണങ്ങൾ നടത്താനും വ്യക്തിവിവര മോഷണം നടത്താനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും എഐ ഉപയോഗിക്കുന്ന പ്രവണത ഏറി വരികയാണ്. എഐ അധിഷ്ഠിത മാൽവെയറുകൾ, അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെട്ട് (എപിടി), ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടട് ഡിനയൽ ഓഫ് സർവീസ് – കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റർനെറ്റുമായി കണക്ടു ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തിൽ അല്ലെങ്കിൽ ഒരു നെറ്റ്‌വർക്കിൽ തള്ളിക്കയറ്റം സൃഷ്ടിച്ച് വൈബ്സൈറ്റുകൾ തകർക്കുന്ന ഒരുതരം സൈബർ ആക്രമണമാണ് ഡിഡിഒഎസ് അറ്റാക്ക്), ഡീപ് ഫേക്ക് സാങ്കേതികവിദ്യ എന്നിവ എഐ അടിസ്ഥാനമാക്കിയുള്ള സൈബർ സുരക്ഷാ ആക്രമണങ്ങളുടെ ഉദാഹരണങ്ങളാണ്. ഇത് തീർച്ചയായും വ്യക്തിഗത സ്വകാര്യതയ്ക്കും വിശ്വാസ്യതയ്ക്കും ഡിജിറ്റൽ ഉള്ളടക്കത്തിന്റെ സമഗ്രതയ്ക്കും കാര്യമായ ഭീഷണി ഉയർത്തുന്നു. 

 

നിർമിതബുദ്ധിയുടെ ഈ കാലഘട്ടത്തിൽ, ജി20 രാജ്യങ്ങൾ സൈബർ സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകുകയും ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുകയും ഉയർന്നുവരുന്ന ഭീഷണികളെ നേരിടാൻ ഗവേഷണത്തിനായി വിഭവങ്ങൾ അനുവദിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. നിർമിതബുദ്ധി വികസനത്തിനും നിർവഹണത്തിനും വേണ്ടിയുള്ള ധാർമിക ചട്ടക്കൂടുകൾ സ്ഥാപിക്കുന്നത് ഉത്തരവാദിത്തപൂർണമായ ഉപയോഗം ഉറപ്പാക്കുകയും എഐ ഉപയോഗിച്ചുള്ള നിയമലംഘനങ്ങളും സുരക്ഷാ ഭീഷണികളും കുറയ്ക്കുകയും ചെയ്യും.

 

എഐ നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ഉത്തരവാദിത്തപൂർണ്ണമായ എഐ വികസനം പ്രോത്സാഹിപ്പിക്കുക, എഐ അധിഷ്ഠിത അപകട നിവാരണ സംവിധാനങ്ങൾ മെച്ചപ്പെടുക എന്നിവ സുരക്ഷിത ഡിജിറ്റൽ ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവയ്പുകളാണ്.

 

മെറ്റാവേഴ്സ്: വികസിക്കുന്ന വെർച്വൽ ഭൂമികയും സുരക്ഷാ പ്രത്യാഘാതങ്ങളും

 

യഥാർഥ ലോകവും ഡിജിറ്റൽ ലോകവും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തുവരുന്ന വെർച്വൽ ലോകത്തെയാണ് മെറ്റാവേഴ്സ് പ്രതിനിധീകരിക്കുന്നത്. ഇത് ബിസിനസ് സംരംഭങ്ങൾക്കും സാമൂഹിക, സംസ്കാരിക മേഖലകളിലെ ഇടപെടലുകൾക്കും വിനോദത്തിനും വലിയ സാധ്യതകൾ പ്രദാനം ചെയ്യുന്നു. എന്നാൽ അതിന് അപകടസാധ്യതകളുമുണ്ട്. വ്യക്തിവിവര മോഷണം, ഫിഷിങ് (phishing) ആക്രമണങ്ങൾ, വെർച്വൽ ആസ്തി മോഷണം എന്നിവ ഭീഷണിയാകാൻ സാധ്യതയുണ്ട്. 

മാത്രമല്ല, മെറ്റാവേഴ്സിന്റെ വികേന്ദ്രീകൃത സ്വഭാവം നിയമ നിർവഹണ ശ്രമങ്ങളെ സങ്കീർണമാക്കുകയും സർക്കാരുകൾ, സാങ്കേതികവിദ്യാ കമ്പനികൾ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവർ തമ്മിലുള്ള മെച്ചപ്പെട്ട സഹകരണം അനിവാര്യമാക്കുകയും ചെയ്യും. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ വികസിപ്പിക്കുക, ഉപഭോക്തൃ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ഫലപ്രദമായ നിയന്ത്രണ ചട്ടക്കൂടുകൾ നടപ്പിലാക്കുക എന്നിവ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷിതമായ അനുഭവം ഉറപ്പാക്കുന്നതിനും സഹായകമാകും.

 

വേണ്ടത് സഹകരണം

 

സാങ്കേതികവിദ്യ നമ്മുടെ ലോകത്തെ പുനർനിർമിക്കുന്നതു തുടരുമ്പോൾ, കുറ്റകൃത്യങ്ങളുടെയും സുരക്ഷയുടെയും പശ്ചാത്തലം വിലയിരുത്തി, വ്യവസായ മേഖല, അക്കാദമിക് മേഖല, സർക്കാരുകൾ, സാങ്കേതികവിദ്യാ വിദഗ്ധർ എന്നിവർ സഹകരിച്ചു പ്രവർത്തിക്കണം. എൻഎഫ്ടി, എഐ, മെറ്റാവേഴ്സ് എന്നിവ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ അത്തരം കൂട്ടായ്മകളുമായി ചേർന്ന് ജി20 രാജ്യങ്ങൾ സജീവമായി പ്രവർത്തിക്കേണ്ടതുണ്ട്. രാജ്യാന്തര സഹകരണം, ശക്തമായ നിയന്ത്രണ നടപടികൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ, ബോധവൽക്കരണം എന്നിവയിലൂടെ, വ്യക്തികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് എൻഎഫ്ടി, എഐ, മെറ്റാവേഴ്സ് എന്നിവയുടെ പരിവർത്തന ശക്തി പ്രയോജനപ്പെടുത്താനാകും. 

 

നിയന്ത്രണ ചട്ടക്കൂടിന് അനുസൃതമായി ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കനുഗുണമായുള്ള സൈബർ സുരക്ഷ സംബന്ധിച്ച കേന്ദ്രീകൃത ഗവേഷണ വികസന സമീപനം,  മെച്ചപ്പെട്ട സൈബർ സുരക്ഷ സൃഷ്ടിക്കാനും സാങ്കേതികവിദ്യകളെ എല്ലാ തലത്തിലും സ്വീകരിക്കാനും സഹായകമാകും. അപകടസാധ്യതകളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനൊപ്പം മികച്ച സാങ്കേതികവിദ്യകളുടെ അപാര സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ അടിസ്ഥാന ലക്ഷ്യം.

 

ലേഖകർ: 

ഡോ. ജെ.എം.വ്യാസ്, വൈസ് ചാൻസലർ, നാഷനൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റി

ഡോ. നവീൻ കുമാർ ചൗധരി, ഡീൻ, സ്കൂൾ ഓഫ് സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്‌സ്, ഗാന്ധിനഗർ, ഗുജറാത്ത്

 

(ലേഖകരുടെ അഭിപ്രായങ്ങൾ വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com