സുനിത വില്യംസിൽ ട്രംപ് ശ്രദ്ധിച്ച ആ ഒരു കാര്യം; തിരികെയെത്തിക്കുന്ന ആശങ്കകൾക്കിടെ ഒരു 'മുടി'ഞ്ഞ ചർച്ച

Mail This Article
9 മാസത്തോളമായി ബഹിരാകാശ നിലയത്തിൽ തുടരുക, തിരിച്ചുവരവിനെക്കുറിച്ച് നിലനിൽക്കുന്ന പ്രതിസന്ധി, ആരോഗ്യ കാര്യങ്ങളിലെ വിവിധ ആശങ്കകള്‍. പക്ഷേ ഇപ്പോൾ ലോകത്തിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ടിലുള്ളത് സുനിത വില്യംസിന്റെ മുടിയാണ്. കാരണമായത് അമേരിക്കൻ പ്രസിഡന്റ് ട്രംപും.
'നിങ്ങളെ കൊണ്ടുപോകാൻ ഞങ്ങൾ വരുന്നു' എന്ന് പറയുന്നതിനൊപ്പം, നാസയിലെ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെ മുടിയെ അഭിനന്ദിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചില വാക്കുകൾ പറഞ്ഞതാണ് ഏവരും ശ്രദ്ധിച്ചത്. നിയന്ത്രണമില്ലാത്ത മുടിയുള്ള സ്ത്രീയെന്നാണ് സുനിതയെക്കുറിച്ച് ട്രംപ് വിശേഷിപ്പിച്ചത്.
അതോടൊപ്പം സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാൻ ഇലോൺ മസ്‌ക് ഒരു സ്റ്റാർഷിപ്പ് തയ്യാറാക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതേസമയം മസ്‌ക് എക്സിൽ എഴുതി @Space_Station-ൽ കുടുങ്ങിക്കിടക്കുന്ന രണ്ട് ബഹിരാകാശയാത്രികരെ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുവരാൻ @POTUS(അമേരിക്കൻ പ്രസിഡന്റിന്റെ സമൂഹമാധ്യമ അക്കൗണ്ട്) @SpaceX-നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ അത് ഉടനെ ചെയ്യും. ബൈഡൻ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയാനകമാണെന്നും മസ്‌ക് കൂട്ടിച്ചേർത്തു.
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്.ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി.
സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു. ഇതോടെ ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന പരീക്ഷണ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു. ദീർഘനാളത്തെ ബഹിരാകാശവാസത്തിന് ശേഷം ഇരുവരും മാർച്ച് 19 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
നീണ്ട ദൗത്യം, വിവിധ അനുഭവങ്ങൾ
ആകെ ക്ഷീണിച്ചെന്ന് വാർത്തകൾ: ബഹിരാകാശനിലയത്തിൽ ക്ഷീണിച്ചിരിക്കുന്ന രീതിയിലുള്ള സുനിതയുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ ആരോഗ്യകാര്യങ്ങളിൽ ആശങ്കയുയർന്നു. പക്ഷേ പിസ്സ, റോസ്റ്റ് ചിക്കൻ, ചെമ്മീൻ കോക്‌ടെയിലുകൾ എന്നിവയുൾപ്പടെ പല വിഭവങ്ങളും കഴിക്കുന്നുണ്ടെന്നും ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് സ്റ്റാര്‍ലൈന്‍ മിഷനുമായി ബന്ധപ്പെട്ട ഒരു വിദഗ്ദന്‍ പറഞ്ഞു.
കമാൻഡർ സുനിത: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസം അപ്രതീക്ഷിതമായി നീണ്ടതോടെ അവിടുത്തെ കമാൻഡറുടെ ചുമതലയും സുനിത വില്യംസ് ഏറ്റെടുത്തു. നിലയം കമാൻഡർ ആയിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെ സുനിത ആ ഒഴിവു നികത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുണ്ടായിരുന്നത്.
അഭിമാന നേട്ടം
രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ ആകെ 62 മണിക്കൂർ 6 മിനിറ്റെന്ന റെക്കോർഡോടെ സുനിത വില്യംസ് അഭിമാന നേട്ടം കൈവരിക്കാനും കഴിഞ്ഞു.