പത്താം ക്ലാസാണോ യോഗ്യത? തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ആകാം, കേരളത്തിൽ 1,385 ഒഴിവ്

Mail This Article
കേന്ദ്ര തപാൽ വകുപ്പിൽ 21,413 ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഇത് റഗുലർ നിയമനമല്ല. മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙കേരളം, ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്റ്റേൺ, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ, തെലങ്കാന സർക്കിളുകളിലാണ് ഒഴിവ്. ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 1,385 ഒഴിവുണ്ട്. (കേരളത്തിലെ സംവരണം തിരിച്ചുള്ള ഒഴിവുകൾ പട്ടികയിൽ).
∙ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര ഡിവിഷനുകളിലാണ് കേരള സർക്കിളിലെ ഒഴിവുകൾ. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ സൈറ്റിൽ (https://indiapostgdsonline.gov.in)
∙യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചിരിക്കണം (കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കു മലയാളം), സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം, മറ്റു വരുമാനമാർഗം ഉണ്ടായിരിക്കണം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു നിയമാവലികൾക്കും വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
∙പ്രായം: 18-40. പട്ടികവിഭാഗത്തിന് 5, ഒബിസിക്കു 3, ഭിന്നശേഷിക്കാർക്ക് പത്തു വർഷം വീതം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ഇളവില്ല.
∙ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380; അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000-24,470.
∙ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി അടയ്ക്കാം.
∙തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും.
∙അപേക്ഷിക്കേണ്ട വിധം: https://indiapostgdsonline.gov.in ൽ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകി വൺ ടൈം റജിസ്ട്രേഷൻ നടത്തണം. തുടർന്നു ലഭിക്കുന്ന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. .jpg/.jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‍ലോഡ് ചെയ്യണം. ഫോട്ടോ 50 കെബി, ഒപ്പ് 20 കെബി സൈസിൽ കൂടരുത്.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..