2015–ൽ പാരിസിൽ നടന്ന 38–ാമത് യുഎൻ എജ്യുക്കേഷണൽ സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷന്റെ (UNESCO) ജനറൽ അസംബ്ലിയിലാണ് ഇക്വഡോർ എന്ന ചെറു രാജ്യത്തിന്റെ അഭ്യർഥന പ്രകാരം യുഎൻ ജൂലൈ 26 രാജ്യാന്തര കണ്ടൽ ദിനമായി പ്രഖ്യാപിച്ചത്. ലോകപ്രശസ്ത ഗ്രീൻപീസ് ആക്ടിവിസ്റ്റായ ഹെയ്ഹന ഡാനിയേൽ നനോട്ടോ എന്ന പ്രകൃതിസ്നേഹി, ഇക്വഡോറിലെ മ്യൂസിൻ എന്ന പ്രദേശത്തെ കണ്ടൽ നശീകരണത്തെ പ്രതിരോധിക്കുന്നതിനിടയിൽ ഹൃദയാഘാതം വന്ന് മരിച്ചതിന്റെ ഓർമയ്ക്കായാണ് ജൂലൈ 26 കണ്ടൽ ദിനമായി തിരഞ്ഞെടുത്തത്. കണ്ടൽ കാടുകളെക്കുറിച്ചു ജനങ്ങളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. കായലോരങ്ങളിലും പുഴയോടും ചേർന്ന് വേലിയേറ്റ–ഇറക്ക പ്രതിഭാസം നേരിടുന്ന പ്രദേശങ്ങളിൽ അവയോടു പൊരുത്തപ്പെടാൻ സവിശേഷതകളുള്ള മരങ്ങൾ, കുറ്റിച്ചെടികൾ, പന, ഫേൺസ് എന്നിവ ഉൾപ്പെടെ ഉള്ളവയെയാണു കണ്ടൽ കാടായി പരിഗണിക്കുന്നത്.