ബെംഗളൂരുവിൽ നിന്ന് ഡ്രൈവ് ചെയ്യാനിതാ അടിപൊളി റൂട്ടുകൾ

Mail This Article
റോഡ് ട്രിപ്പുകള്‍ എല്ലാ കാലത്തും ക്ലാസിക് തന്നെയാണ് എന്ന് എല്ലാവരും കണ്ണുംപൂട്ടി സമ്മതിക്കും. ഒരു ബുള്ളറ്റ് കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട! സഞ്ചാരപ്രിയരെ സംബന്ധിച്ചിടത്തോളം അതൊരു പ്രത്യേക അനുഭവമാണ്. കാറിലും ബൈക്കിലും എന്തിനേറെ, സൈക്കിളില്‍പ്പോലും വന്‍കരകള്‍ താണ്ടുന്ന നിരവധി സഞ്ചാരികള്‍ നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയെപ്പോലെ സാംസ്കാരികമായും പ്രകൃതിപരമായും വൈവിദ്ധ്യം നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യത്തു കൂടിയുള്ള റോഡ് യാത്രകള്‍ നല്‍കുന്ന അനുഭൂതി വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. ആ അനുഭവത്തിന്‍റെ മാസ്മരികത തേടി പുറം രാജ്യങ്ങളില്‍ നിന്നുപോലും നിരവധി യാത്രികര്‍ വര്‍ഷംതോറും ഇന്ത്യയിലെത്താറുണ്ട്.
പശ്ചിമഘട്ടത്തിന്‍റെ തുണ്ടുകള്‍ അതിരിടുന്ന തെക്കേ ഇന്ത്യയുടെ ഭാഗങ്ങളിലൂടെ മഞ്ഞും മഴയും ഇളംകാറ്റുമേറ്റ് പോകാന്‍ ഇഷ്ടമാണോ? വര്‍ഷം മുഴുവന്‍ സുന്ദരമായ കാലാവസ്ഥയും ചരിത്രനിര്‍മിതികളും ഒപ്പം നാഗരികത നല്‍കുന്ന എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടിയ ബെംഗളൂരു നഗരത്തില്‍ നിന്നും തുടങ്ങുന്ന റോഡ് ട്രിപ്പുകള്‍ക്ക് തയാറാണെങ്കില്‍, ബൈക്കിലും കാറിലുമൊക്കെ പോകാന്‍ നിരവധി ഇടങ്ങള്‍ നഗരത്തിനു ചുറ്റുമുണ്ട്. കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം യാത്ര ചെയ്യാന്‍ അത്തരത്തിലുള്ള ചില മനോഹര റോഡ് ട്രിപ്പ് റൂട്ടുകള്‍ പരിചയപ്പെട്ടോളൂ.
1. മഞ്ചനബെല്ലെ
ബെംഗളൂരു നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള രാമനഗര ജില്ലയിലെ മഗടി താലൂക്കിലുള്ള ഒരു മനോഹര ഗ്രാമമാണ് മഞ്ചനബെല്ലെ. ട്രെക്കിങ് ലൊക്കേഷനായ ഇവിടെ കയാക്കിങ് മുതലായ സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ട്. അർക്കാവതി നദിക്ക് കുറുകെ നിർമിച്ച മഞ്ചനബെല്ലെ അണക്കെട്ട് ഇവിടെയാണ് ഉള്ളത്. അണക്കെട്ടിൽ നിന്ന് ഇടയ്ക്കിടെ വെള്ളം തുറന്നു വിടുന്നതിനാല്‍ ഇവിടം യാത്രികര്‍ക്ക് അത്ര സുരക്ഷിതമായ സ്ഥലമല്ല. ഇന്നുവരെ ഏകദേശം ഇരുന്നൂറോളം സന്ദര്‍ശകര്‍ക്ക് ഈ പ്രദേശത്തുണ്ടായ വിവിധ അപകടങ്ങളില്‍പ്പെട്ടു ജീവന്‍ നഷ്ടമായതായാണ് കണക്ക്. ബെംഗളൂരു നിന്നും ഷോര്‍ട്ട് ട്രിപ്പ് പോകുന്ന ആളുകള്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

2. രാമനഗരം
ബെംഗളൂരു നഗരത്തില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരമാണ് രാമനഗരത്തിലേക്കുള്ളത്. പ്രശസ്ത ബോളിവുഡ് ചിത്രം 'ഷോലെ' ചിത്രീകരിച്ചത് ഇവിടെയാണ്. ട്രെക്കിങ്, റോക്ക് ക്ലൈമ്പിങ്ങ് മുതലായ സാഹസിക വിനോദങ്ങളില്‍ ഇവിടെ സഞ്ചാരികള്‍ക്ക് പങ്കെടുക്കാം. ബെംഗളൂരു നിന്നുള്ള യാത്രികര്‍ക്ക് ബൈക്ക് ട്രിപ്പ് പോകാന്‍ പറ്റിയ റൂട്ടാണ് ഇത്.

3. സാവന്‍ദുര്‍ഗ
ബെംഗളൂരു നിന്നും ഏകദേശം 33 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സാവന്‍ദുര്‍ഗയിലെത്താം. ട്രെക്കിങ് നടത്താന്‍ ഏറ്റവും മികച്ച ഇടമാണ് ഇവിടം. പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന സാവന്‍ദുര്‍ഗയിലെ കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരുള്ള രണ്ടു കുന്നുകളും മലയടിവാരത്തിലുള്ള വീരഭദ്രേശ്വര സ്വാമി ക്ഷേത്രവും നരസിംഹ സ്വാമി ക്ഷേത്രവും അത്യപൂര്‍വ സസ്യജാലങ്ങളുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്.

കൂടാതെ സയ്യിദ് ഗുലാം ക്വാദ്രീയുടെ ശവകുടീരം, തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയര്‍ എന്നിവയും ഈ പ്രദേശത്താണ്. ബെംഗളൂരു നിന്നും മാഗഡി റോഡിലൂടെ വണ്ടിയോടിച്ചു പോയാല്‍ സാവന്‍ദുര്‍ഗയിലെത്താം.
4. സ്കന്ദഗിരി
ജോലിത്തിരക്കുകൾ ഒഴിയുന്ന, ആഴ്ചാവസാനങ്ങളില്‍, കാടും പുഴയും മലകളും താണ്ടി, ഉയരങ്ങളിലേക്കുള്ള യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഒരു ടൂറിസ്റ്റ് സ്പോട്ടാണ് സ്കന്ദഗിരി. ഉദയാസ്തമയങ്ങളില്‍ സൂര്യന്‍റെ മാറുന്ന മുഖങ്ങള്‍ കണ്ട് സംതൃപ്തിയടയാന്‍ ഇതിലും മികച്ച ഒരു സ്ഥലം വേറെയില്ല. ബാംഗ്ലൂര്‍ നഗരത്തിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയായാണ് സ്കന്ദഗിരി സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1350 മീറ്റർ ഉയരമുള്ള സ്കന്ദഗിരിയുടെ ഉച്ചിയിലേക്ക്, മഞ്ഞിന്‍റെ തലോടലേറ്റ് രണ്ടര മണിക്കൂറോളം നീളുന്ന പുലര്‍കാല ട്രെക്കിങ് ആണ് ഇവിടുത്തെ ഹൈലൈറ്റ്. ടിപ്പുവിന്‍റെ ആയുധപ്പുരയും ചരിത്രമുറങ്ങുന്ന ഇരുഗുഹകളും ഇവിടത്തെ മറ്റു ചില ആകര്‍ഷണങ്ങളാണ്.

5. മന്ദാരഗിരി
ബെംഗളൂരുവിനടുത്ത് തുമകുരു ജില്ലയിലാണ് മന്ദാര ഗിരി ഹിൽ അഥവാ മന്ദാര ഗിരി ബെട്ട സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്നും ഏകദേശം 65 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. പടികള്‍ കയറി മുകളിലേക്കെത്താവുന്ന രീതിയിലുള്ള ഒരു ചെറിയ കുന്നാണിത്. മയില്‍പ്പീലികളുടെ ഡിസൈന്‍ നല്‍കിയ മനോഹരമായ ഒരു ദിഗംബർ ജെയിൻ മെഡിറ്റേഷന്‍ ഹാൾ ഇതിനു മുകളില്‍ കാണാം. 'പീകോക്ക് ടെമ്പിള്‍' എന്നാണു ഇതിന്‍റെ പേര്. ഒപ്പം ഗോമാതേശ്വരന്‍റെ പ്രതിമയുമുണ്ട്.
6. ദേവരായനദുര്‍ഗ്ഗ
'ദൈവത്തിന്‍റെ കോട്ട' എന്നാണ് ദേവരായനദുര്‍ഗ എന്ന വാക്കിനര്‍ത്ഥം. പേര് പോലെ തന്നെ ബെംഗളൂരുവിനടുത്തായി തുംകുരു ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ക്ഷേത്ര ഗ്രാമമാണിത്. വനങ്ങള്‍ അതിരിടുന്ന പാറക്കെട്ടുകളും യോഗനരസിംഹ, ഭോഗനരസിംഹ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളും ഇവിടെ കാണാം. ഏകദേശം 1204 മീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം. ബെംഗളൂരു നഗരത്തില്‍ നിന്നും ഏകദേശം 73 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.
English Summary: Best Road Trips From Bangalore