ADVERTISEMENT

ഒറ്റയ്ക്കും കൂട്ടായും ബൈക്കിൽ ഇന്ത്യചുറ്റുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഇപ്പോഴിതാ കുട്ടിക്കാലം മുതലുള്ള യാത്രാസ്വപ്നത്തിന് ചിറകുവിരിച്ചിരിക്കുകയാണ് കാസർകോട് കുമ്പള സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി അമൃത ജോഷി.

ബൈക്കുകളും ദീർഘദൂര ബൈക്ക് യാത്രയും കുട്ടിക്കാലം മുതല്‍ അമൃത ജോഷിയുടെ ക്രെയ്സാണ്. ചെറുപ്രായത്തിൽ തന്നെ ഇൗ മിടുക്കി എല്ലാത്തരം ബൈക്കുകളും ഓടിക്കാൻ പഠിച്ചിരുന്നു. സകൂൾ മൈതാനമായിരുന്നു അന്നത്തെ ബൈക്ക് സവാരിയുടെ കളരി. അന്നു മുതലെയുള്ള മോഹമാണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കു ബൈക്കിലേറി ഒറ്റക്കൊരു യാത്ര.  അമൃത ജോഷിയുടെ ആ സ്വപ്ന യാത്രയ്ക്കാണ് ഇന്ന് തുടക്കമായത്. യാത്ര കോഴിക്കോട് ട്രാഫിക് അസി. കമ്മിഷണർ പി.കെ.രാജു ഫ്ലാഗ് ഓഫ് ചെയ്തു.

തന്റെ പ്രിയപ്പെട്ട കെ ടി എം ഡ്യൂക്ക് 200 ബൈക്കിൽ അമൃത വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ലക്ഷ്യമാക്കി യാത്ര തുടങ്ങി. കോഴിക്കോട് നിന്നും കോയമ്പത്തൂർ, ചെന്നൈ , വിശാഖപട്ടണം, വിജയവാഡ, കൊൽക്കത്ത, സിലിഗുരി , സിക്കിം, അസം, മേഘാലയ, നാഗാലൻഡ്, മണിപ്പൂർ , ത്രിപുര, മിസ്സോറാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലൂടെ ചുറ്റി 2 മാസം കൊണ്ട് തിരിച്ചെത്തും വിധമാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. യാത്ര വിജയകരമായാൽ 21 കാരിയായ അമൃത ജോഷിയായിരിക്കും കേരളത്തിൽ നിന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒറ്റയ്ക്കു ബൈക്കിൽ യാത്ര ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ. കുമ്പളയിലെ പരേതനായ അശോക് ജോഷിയുടെയും അന്നപൂർണയുടെയും മകളാണ് അമൃത. അപൂർവ , അജയ് എന്നിവർ സഹോദരങ്ങളാണ്.

രാജ്യത്തെ 600 ഓളം ബൈക്ക് റൈഡർമാരായ സ്ത്രീകൾ അംഗങ്ങളായുള്ള കോഴിക്കോട് കേന്ദ്രമാക്കിയുള്ള സി ആർ എഫ് വുമൺ ഓൺ വീൽസ് ക്ലബിന്റെ സഹകരണത്തോടെയാണ് അമൃത ജോഷിയുടെ യാത്ര. ക്ലബ്ബിലെ 15 അംഗങ്ങൾക്കൊപ്പം കാസർകോട് മുതൽ കന്യാകുമാരി വരെയും തിരിച്ചും നടത്തിയ ബൈക്ക് റാലി തന്ന ആത്മവിശ്വാസമാണ് ഈ യാത്രയ്ക്കു പ്രചോദനമായതെന്നു അമൃത പറയുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഈ യാത്ര.  പോളിമർ സയൻസിൽ ബിരുദധാരിയായ അമൃത ജോഷി ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന സവിശേഷത ഉയർത്തിപ്പിടിച്ചാണ് യാത്ര ചെയ്യുന്നത്. യാത്രാവഴികളിൽ സഹായവുമായി സി ആർ എഫ് കൂട്ടായ്മയിലെ സ്ത്രീകളുണ്ട്.

English Summary: Lady biker Travel across India with her ktm 200 Duke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com