ADVERTISEMENT

തുഗ്ലക്കാബാദ് കോട്ടയുടെ തെക്കേ കവാടത്തിന് അഭിമുഖമായി റോഡിനു മറുവശത്ത് ഒരു ചെറിയ കോട്ട കാണാം. പ്രധാന കോട്ടയിൽ നിന്ന് ഇവിടേക്ക് വെള്ളം ഒഴുക്കിവിട്ടിരുന്ന തോട് നടുക്കുവച്ചു മുറിഞ്ഞുപോയിട്ടുണ്ടെങ്കിലും അതിന്റെ ബാക്കി ഭാഗങ്ങൾ ഇപ്പോഴും ഉറപ്പോടെ നിൽക്കുന്നു. ചെറിയ കോട്ട യഥാർഥത്തിൽ കോട്ടയല്ല. കോട്ടയുടെ ശൈലിയിലുള്ള മതിൽക്കെട്ടോടു കൂടിയ ഒരു ശവകുടീരമാണത്. അകത്തേക്കു ചരിഞ്ഞു നിൽക്കുന്ന ചുമരുകളും മുകളിൽ വെണ്ണക്കൽ താഴികക്കുടവുമായി നിൽക്കുന്ന ഈ ശവകുടീരത്തിന്റെ നിർമാണശൈലി അപൂർവമാണ്. 

Read Also : ജന്തർ മന്തർ: അകം കാണാത്തവർ ഏറെ; അറിയാനുമേറെ 

അപൂർവ ശൈലിയിലുള്ള ഈ ശവകുടീരം ഗിയാസുദ്ദീൻ മറ്റൊരാൾക്കുവേണ്ടി നിർമിച്ചതാണെന്ന് പറയപ്പെടുന്നു. ബംഗാളിലെ ‘ലഖ്‌നോതി വരെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്ത്, മറ്റൊരു രാജ്യം പിടിച്ചെടുക്കാൻ ശ്രമിക്കവേ മുറിവേറ്റ് മരിച്ച സഫർ ഖാനെ ഇവിടെ മറവു ചെയ്‌തിരിക്കുന്നു’ എന്ന് എഴുതിയ ഒരു ഫലകം ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ഈ സഫർ ഖാൻ ആരെന്ന് ഇനിയും വ്യക്‌തമല്ല.

സഫർ ഖാനു വേണ്ടി പണിയിച്ച ശവകുടീരത്തിന്റെ ശിൽപസൗന്ദര്യത്തിൽ ആകൃഷ്‌ടനായി, താൻ മരിക്കുമ്പോഴും ഇവിടെത്തന്നെ മറവു ചെയ്‌താൽ മതിയെന്ന് ഗിയാസുദ്ദീൻ കൽപിച്ചുവത്രെ. അങ്ങനെ സഫർ ഖാനെ കുടീരത്തിന്റെ വടക്ക് ഭാഗത്തായി മറവുചെയ്തു. ഗിയാസുദ്ദീൻ മരിച്ചപ്പോൾ അദ്ദേഹത്തെ മധ്യഭാഗത്തും. രണ്ടുപേരുടെക്കൂടി കബറുകളുണ്ടിവിടെ. ഒന്ന് ഗിയാസുദ്ദീന്റെ പത്നിയുടെയും മറ്റേതു മകൻ മുഹമ്മദ് ബിൻ തുഗ്ലക്കിന്റേതുമാണെന്നാണു കരുതുന്നത്.

Read Also : നൂറ്റാണ്ടുകൾ പഴക്കം, ഇന്നും തുരുമ്പ് എടുക്കാത്ത ഇരുമ്പുതൂൺ; കെട്ടിപ്പിടിച്ചാൽ ‘രാജയോഗം’ 

1324ൽ ഗിയാസുദ്ദീൻ ബംഗാൾ കീഴടക്കി മടങ്ങി വരവേ, നിസാമുദ്ദീൻ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി ചില അസൂയാലുക്കൾ അറിയിച്ചു. അരിശംപൂണ്ട ഗിയാസുദ്ദീൻ, ഡൽഹിയിലെത്തിയാലുടൻ നിസാമുദ്ദീനെ വധിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതറിഞ്ഞ അനുയായികൾ ഡൽഹിയിൽനിന്ന് രക്ഷപ്പെടാൻ നിസാമുദ്ദീനെ ഉപദേശിച്ചു. ചെറിയൊരു ചിരിയോടെ, ‘ദില്ലി ഹനോസ് ദൂരസ്‌ഥ്’ (ദില്ലി ഇനിയും അകലെയാണ്) എന്നു അദ്ദേഹം പ്രവചിച്ചുവത്രെ. 

യുദ്ധവിജയിയായി തിരിച്ചെത്തുന്ന ഗിയാസുദ്ദീനെ സ്വീകരിക്കാൻ മകൻ മുഹമ്മദ് ബിൻ നഗരത്തിനുപുറത്ത് ഒരു സ്വീകരണത്തട്ട് തയാറാക്കിയിരുന്നു. ആനപ്പുറത്ത് അതിന്മേൽ കയറിയപ്പോൾ തട്ട് തകർന്നുവീണ് സുൽത്താൻ മരണപ്പെടുകയായിരുന്നു. മുഹമ്മദ്‌ ബിൻ മനഃപൂർവം ദുർബലമായ തട്ടുണ്ടാക്കി പിതാവിനെ കൊല്ലുകയായിരുന്നു എന്നും കഥയുണ്ട്. ഈ കഥയ്‌ക്കു വിശ്വാസ്യത ലഭിക്കാൻ ഒരു കാരണമുണ്ട്. ആനപ്പുറത്ത് സുൽത്താനോടൊപ്പം അദ്ദേഹത്തിന്റെ ഇളയ പുത്രനുമുണ്ടായിരുന്നു. മുഹമ്മദ് ബിൻ തുഗ്ലക്കിനെ തഴഞ്ഞ് ഈ കുട്ടിയെ അനന്തരാവകാശിയാക്കാൻ സുൽത്താൻ ഉദ്ദേശിച്ചിരുന്നുവത്രെ.  എന്നാൽ, മുഹമ്മദ് ബിൻ കരുതിക്കൂട്ടി പിതാവിനെ കൊന്നതായിരുന്നുവെങ്കിൽ അദ്ദേഹത്തെ പിതാവിന്റെ അടുത്തുതന്നെ മറവു ചെയ്യുമായിരുന്നോ? ഗിയാസുദ്ദീന്റെ മരണം കൊലപാതകമായിരുന്നില്ലെന്നും അപകടമരണമായിരുന്നുവെന്നും വാദിക്കുന്നവർ ഇതാണു ചോദിക്കുന്നത്.

സന്ദർശിക്കാനെത്താം

∙ സമയം: രാവിലെ 7 മുതൽ വൈകിട്ട് 5 വരെ

∙ മെട്രോ സ്റ്റേഷൻ: ഗോവിന്ദ്പുരി (5 കിലോമീറ്റർ)

∙ തുഗ്ലക്കാബാദ് കോട്ട സന്ദർശിക്കാനുള്ള ടിക്കറ്റ് ഉപയോഗിച്ച് ഇവിടെയും സന്ദർശിക്കാം.

∙ 414, 511, 525, 544, 874, 714, 717 നമ്പർ ഡിടിസി ബസുകൾക്ക് കോട്ടയോടു ചേർന്ന് സ്റ്റോപ്പുണ്ട്.

English Summary:

Ghiyath al-Din Tughluq's Tomb in Tughlaqabad fort.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com